അന്താരാഷ്ട്ര നഴ്‌സിങ് ദിനത്തില്‍ നേഴ്‌സുമാര്‍ക്കായി ഹൃദയ സ്പര്‍ശിയായൊരു ഗാനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. കരുതലിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്സുമാര്‍ക്ക് ആദരമര്‍പ്പിക്കുകയാണ് ഈ രാജ്യാന്തര നഴ്‌സസ് ദിനത്തില്‍. ആധുനിക നഴ്സിങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മവാര്‍ഷിക ദിനമാണ് രാജ്യാന്തര നഴ്‌സസ് ദിനമായി ആചരിക്കുന്നത്.

ഈ ദിനത്തില്‍ ആതുര ശുശ്രൂഷയുടെ ഹൃദയ സ്പന്ദനമായ നേഴ്‌സുമാര്‍ക്ക് വേണ്ടി ഹൃദയ സ്പര്‍ശിയായൊരു ഗാനം ഒരുക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള നഴ്‌സായ മിനി ബോബി. ‘മണ്ണിലെ മാലാഖമാര്‍’ എന്ന ടൈറ്റിലോട് കൂടിയ ഈ ഗാനം എല്ലാ നഴ്‌സുമാരുടെയും ആതുര ശുശ്രൂഷകരുടെയും ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാണ്.

ജനനം മുതല്‍ മരണം വരെയുള്ള ഓരോ മനുഷ്യ ജീവന്റെയും കാവല്‍ക്കാരായ നഴ്‌സുമാര്‍ തങ്ങളുടെ ജോലി ഒരു ദൈവവിളിയാണെന്ന ബോധ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും അധികം സ്‌നേഹത്തോടും അതിലുപരി കരുണയോടും പുഞ്ചിരിക്കുന്ന മുഖവുമായാണ് ഓരോ രോഗിക്ക് അരികിലേയ്ക്കും അവര്‍ നടന്നടുക്കുന്നത്.

നിങ്ങള്‍ ഭൂമിയിലെ മാലാഖമാരാണ് എന്ന് തിരിച്ചറിഞ്ഞ്, കടന്നുചെല്ലുന്ന ഓരോ വഴിത്താരകളും ക്രിസ്തുവിന്റെ ദൈവവിളിയാണെന്ന തിരിച്ചറിവില്‍ നടന്ന് നീങ്ങാം എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വേദനകളില്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായി കരയുമ്പോള്‍ നെഞ്ചിലേറ്റി ആശ്വസിപ്പിക്കുവാന്‍ മരവിച്ച തണുത്ത കൈകളില്‍ ഒന്ന് ചേര്‍ത്ത് പിടിക്കുവാന്‍, ഈശോ ചേര്‍ത്തുവച്ചിരിക്കുന്ന ആതുര ശുശ്രൂഷാ രംഗത്തെ എല്ലാ നഴ്‌സുമാര്‍ക്കുമായാണ് ഈ ഗാനം സമര്‍പ്പിക്കുന്നത്.

മിനി ബോബിയുടെ വരികള്‍ക്ക് ഈണം നല്‍കിയത് സെബി നായരമ്പലമാണ്. ആലാപനം രമേശ് മുരളിയും മിക്‌സിങ് ബാലു. സംഗീത ലോകത്തെ സൂപരിചിതനായ ഫാ. ജോയി ചേഞ്ചേരി എംസിബിഎസിന്റെ ആത്മീയ ഉപദേശങ്ങളും അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും ഈ ഗാനത്തിന് ഒപ്പം ഉണ്ടായിരുന്നു.

മാര്‍ ജോണ്‍ പനംതോട്ടത്തിലിന്റെ അനുഗ്രഹ ആശിസുകളോടെ സംപ്രേഷണം ചെയ്തിരിക്കുന്ന ഈ ഗാനം അനേകം മനുഷ്യ മനസുകളെ സ്പര്‍ശിക്കട്ടെ എന്ന് പിന്നണി പ്രവര്‍ത്തകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button