സംസ്കൃത സിനിമ സംവിധാനം ചെയ്യുന്ന ആദ്യ വൈദികനായി ഫാ. ഡോ. ജോൺ പുതുവ

സംസ്കൃത ഭാഷയിൽ സിനിമ ഒരുക്കി കലാരംഗത്ത് പുതുവഴി തെളിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സീറോ മലബാർ പള്ളി വികാരിയും എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയുമായ ഫാ. ഡോ. ജോൺ പുതുവ. അദ്ദേഹത്തിന്റെ കന്നി ചിത്രമായ ‘ഏകാകി’ ഇതിനോടകം തന്നെ ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടി ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

അടുത്തിടെ നടന്ന ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ‘ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം’ പുരസ്കാരം ‘ഏകാകി’ സ്വന്തമാക്കിയത് സിനിമയുടെ വലിയ അംഗീകാരമായി മാറി. ഇതിന് മുമ്പും ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സിനിമയെ തേടിയെത്തിയിരുന്നു. ഒരു വൈദികന്റെ സിനിമാരംഗപ്രവേശനം എന്ന നിലയിലും സംസ്കൃത സിനിമയുടെ നവീനമായ അവതരണം എന്ന നിലയിലും കലാസ്വാദകരും നിരൂപകരും ഈ നേട്ടത്തെ വിലയിരുത്തുന്നു.

പുതുവ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ‘ഏകാകി’യുടെ കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം നിർവഹിച്ചപ്പോൾ സംസ്കൃത സംഭാഷണങ്ങൾ തയ്യാറാക്കിയത് അയ്യമ്പുഴ ഹരികുമാറാണ്. സംവിധാനവും നിർമ്മാണവും ഫാ. ഡോ. ജോൺ പുതുവ നിർവഹിച്ചു. സംസ്കൃതത്തിന്റെ പാരമ്പര്യഭൂമിയായ കാലടിയിൽ വെച്ചാണ് സിനിമയുടെ പ്രധാന ചിത്രീകരണം പൂർത്തിയാക്കിയത്.

ഒരു കഥാപാത്രം മാത്രം അഭിനയിച്ച ഇന്ത്യയിലെ ആദ്യ സംസ്കൃത സിനിമ എന്ന പ്രത്യേകതയും ‘ഏകാകി’ക്കുണ്ട്. നാടകത്തിനും ബാലേക്കും വേണ്ടി ജീവിതം സമർപ്പിച്ച തിരുനാരായണപുരം വാസുദേവൻ എന്ന കലാകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. കലാകാരൻ ജീവിതത്തിൽ നേരിടുന്ന ഒറ്റപ്പെടലുകളും പ്രതിസന്ധികളും അതിജീവനത്തിന്റെ ആകുലതകളും ഏറെ ഹൃദയസ്പർശിയായി സിനിമ അവതരിപ്പിക്കുന്നു.

അഞ്ചൂറിലേറെ ഡോക്യുമെന്ററി എപ്പിസോഡുകൾ സംവിധാനം ചെയ്ത അനുഭവസമ്പത്തോടെയാണ് ഫാ. ഡോ. ജോൺ പുതുവ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. സാമൂഹിക പ്രതിബദ്ധതയും മൂല്യാധിഷ്ഠിത സന്ദേശങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “സിനിമ ഒരു വിനോദമാധ്യമം മാത്രമല്ല, സമൂഹത്തിൽ നന്മയും ചിന്തയും വളർത്തുന്ന ശക്തമായ കലാമാധ്യമമാണ്” എന്നും ഫാ. ഡോ. ജോൺ പുതുവ വ്യക്തമാക്കി.

‘ഏകാകി’യുടെ വിജയത്തിനുശേഷം പുതിയ സിനിമയുടെ തിരക്കിലാണ് ഫാ. ഡോ. ജോൺ പുതുവയും എഴുത്തുകാരൻ പ്രസാദ് പാറപ്പുറവും. നിസ്വാർത്ഥനായ ഒരു വൈദികന്റെ ജീവിതവും സേവനവുമാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തമാകുന്നത്. വ്യത്യസ്തമായ പ്രമേയവും കലാസൗന്ദര്യവും കൊണ്ട് ഈ സിനിമയും ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Related Articles

Back to top button