കൺപോളയിൽ നിന്ന് പല്ല് വളർന്നുവന്ന അപൂർവ്വ മെഡിക്കൽ സംഭവം ആഗോളതലത്തിൽ വീണ്ടും ചർച്ചയാകുന്നു

സിഡ്നി: കൺപോളയിൽ നിന്ന് അസാധാരണമായി പല്ല് വളർന്നു വന്ന ഇന്ത്യൻ ബാലന്റെ അപൂർവ്വ മെഡിക്കൽ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലും ഓസ്‌ട്രേലിയൻ മാധ്യമങ്ങളിലും വീണ്ടും വലിയ ചർച്ചയാകുന്നു.

2026 ജനുവരി 16-നാണ് ഈ സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ജനുവരി 27-ഓടെ രാജ്യാന്തര മെഡിക്കൽ ജേർണലുകളിലും മാധ്യമങ്ങളിലും വാർത്ത പ്രസിദ്ധീകരിക്കപ്പെടുകയും ആഗോളതലത്തിൽ വൻ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വൈദ്യശാസ്ത്ര ചരിത്രത്തിൽ തന്നെ ആദ്യമായാണ് കണ്ണിന്റെ ഭാഗത്ത് ഇത്തരമൊരു പ്രതിഭാസം രേഖപ്പെടുത്തുന്നത്.

പതിനാറുകാരനായ കൗമാരക്കാരന്റെ ഇടതുകണ്ണിന്റെ കൺപോളയിലാണ് അസാധാരണമായ വീക്കം ആദ്യം കണ്ടത്. വേദനയൊന്നുമില്ലാതിരുന്ന ഈ വീക്കത്തിൽ നിന്ന് പിന്നീട് വെളുത്ത നിറത്തിലുള്ള കൂർത്ത രണ്ട് അഗ്രങ്ങൾ തൊലി തുളച്ച് പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലും സ്കാനിംഗിലും കൺപോളയ്ക്കും പുരികത്തിനും ഇടയിലുള്ള ഭാഗത്ത് പൂർണ്ണവളർച്ചയെത്തിയ ഒരു കോമ്പല്ല് (Canine tooth) വളർന്നു നിൽക്കുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തമിഴ്നാട്ടിലെ അരവിന്ദ് ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയ നടത്തി ഈ പല്ല് നീക്കം ചെയ്തു. സാധാരണയായി ഉണ്ടാകേണ്ട സ്ഥാനത്ത് നിന്ന് മാറി ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ പല്ലുകൾ വളരുന്ന അവസ്ഥയെ ‘എക്ടോപിക് ടൂത്ത്’ (Ectopic tooth) എന്നാണ് വിളിക്കുന്നത്.

മൂക്കിന് പിന്നിലെ ഭാഗങ്ങളിലോ സൈനസുകളിലോ ഇത്തരം വളർച്ചകൾ വളരെ അപൂർവ്വമായി കാണാറുണ്ടെങ്കിലും, കൺപോളയിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ലോകത്തിൽ തന്നെ ആദ്യമായാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സങ്കീർണ്ണതകളൊന്നുമില്ലാതെ ശസ്ത്രക്രിയ പൂർത്തിയായതും ഈ അപൂർവ്വ പ്രതിഭാസത്തിന്റെ വിചിത്രതയുമാണ് വാർത്ത വീണ്ടും അന്താരാഷ്ട്രതലത്തിൽ ഇടംപിടിക്കാൻ കാരണം.

Related Articles

Back to top button