വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ പള്ളിയിൽ സ്വീകരണം

ഡാർവിൻ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം ചെയ്യുന്ന വിശുദ്ധ കാർലോ ആകുത്തിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ സെന്റ് അൽഫോൻസാപ്പള്ളിയിൽ സ്വീകരണം നൽകി. ‘മില്ലേനിയത്തിന്റെ വിശുദ്ധൻ’ ‘ദൈവത്തിൻറെ ഇൻഫ്ലുവൻസർ’ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വി കാർലോ അകുതിസ് 2006 ൽ പതിനഞ്ചാമത്തെ വയസ്സിൽ രക്താർബുദം ബാധിച്ചാണ് മരിച്ചത്. 1991 മെയ് മൂന്നിന് ഇറ്റാലിയൻ മാതാപിതാക്കളുടെ മകനായി ലണ്ടനിൽ ജനിച്ചു .ജോലി സംബന്ധമായ കാരണങ്ങളാൽ അക്യൂട്ടീസ് കുടുംബം ഇറ്റലിയിലേക്ക് മടങ്ങി.
മിലാനിൽ താമസമാക്കി. പരിശുദ്ധ കുർബാനയോടുള്ള സ്നേഹവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയുമാണ് കാർലോയുടെ ജീവിതത്തിൻറെ വിശുദ്ധ ചുവടുവെപ്പുകൾ. കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന കാർലോസഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണങ്ങളും ഉൾപ്പെടുത്തി പതിനൊന്നാമത്തെ വയസ്സിൽ തയ്യാറാക്കിയ വെബ്സൈറ്റ് അഞ്ചു ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഇടവകകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിശുദ്ധ കുർബാന സ്വർഗ്ഗത്തിലേക്കുള്ള ഹൈവേ ആണെന്ന് ലോകത്തെ പഠിപ്പിച്ച വി കാർലോ പുതിയ തലമുറയ്ക്ക് പ്രചോദനമാണ്.
2020 ഒക്ടോബർ 10 ന് വാഴ്ത്തപ്പെട്ടവനായും 2025 സെപ്റ്റംബർ ഏഴിന് വിശുദ്ധനായും പ്രഖ്യാപിക്കപ്പെട്ടു. ഇറ്റലിയിലെ അസ്സിസിയിൽ അടക്കം ചെയ്യപ്പെട്ട ‘സൈബർ അപ്പോസ്തൊലൻ ഓഫ് ദി യൂകരിസ്റ് ’ എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിലെത്തിയപ്പോൾ നൂറുകണക്കിന് വിശ്വാസികളാണ് തിരുശേഷിപ്പ് വണങ്ങാനെത്തിയത്. വികാരി ഫാ ഡോ ജോൺ പുതുവ തിരുശേഷിപ്പ് സ്വീകരിചൂ.
വി കാർലോയുടെ കുടുംബവുമായി 2017 മുതലുള്ള സ്നേഹബന്ധത്തെ കുറിച്ചും ഡോ പുതുവ കാർലോ ആകുതിസിനെ കുറിച്ച് വിവിധ ഭാഷകളിലായി തയാറാക്കിയ നാലു പുസ്തകങ്ങളെ കുറിച്ചും അത് തയ്യാറാക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും വിശ്വാസികളോട് പങ്കുവച്ചു. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ കിട്ടിയത് വലിയ ഭാഗ്യമാണെന്ന് വിശ്വാസികൾ പറഞ്ഞു. കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകി.



