ഓസ്ട്രേലിയൻ കത്തോലിക്ക യുവജന ശുശ്രൂഷയുടെ ദേശീയ നേതൃത്വത്തിലേക്ക് അവിൻ ജെയിംസ്

മെൽബൺ: ഓസ്‌ട്രേലിയൻ കത്തോലിക്കാ യുവജന ശുശ്രൂഷാ ശൃംഖലയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ യൂത്ത് അപ്പോസ്തോലേറ്റ് അസോസിയേറ്റ് ഡയറക്ടർ അവിൻ ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ കത്തോലിക്കാ യുവജന ശുശ്രൂഷയുടെ നയരൂപീകരണത്തിലും പ്രവർത്തനങ്ങളിലും സഭയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഈ നിയമനം സഹായകമാകും.

ഓസ്‌ട്രേലിയയിലെ വിവിധ കത്തോലിക്കാ രൂപതകളെയും സഭാസമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ദേശീയ വേദിയാണ് ഓസ്ട്രേലിയൻ കത്തോലിക് യൂത്ത് മിനിസ്ട്രി നെറ്റ്വർക്ക്. രാജ്യത്തുടനീളമുള്ള യുവജന ശുശ്രൂഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും യുവതലമുറയെ സഭയോട് ചേർത്തുനിർത്തുന്നതിലും ഈ ശൃംഖല നിർണായക പങ്ക് വഹിക്കുന്നു.

പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകാംഗമായ അവിൻ ജെയിംസ് കഴിഞ്ഞ കുറെ കാലമായി മെൽബൺ രൂപതയുടെ യുവജന ശുശ്രൂഷാ രംഗത്ത് സജീവ നേതൃത്വമാണ് കാഴ്ചവെച്ചുവരുന്നത്. അവിൻ ജെയിംസിന്റെ ഈ പുതിയ നിയമനം മെൽബൺ രൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും അഭിമാനകരമായ നേട്ടമാണെന്ന് രൂപതാ നേതൃത്വം വ്യക്തമാക്കി.

യുവജന രൂപീകരണത്തിലും ആത്മീയ നേതൃത്വത്തിലും അവിൻ കാഴ്ചവെച്ച മികവിനുള്ള അംഗീകാരമാണിതെന്നും ദേശീയ തലത്തിൽ കൂടുതൽ ഫലപ്രദമായി സേവനമനുഷ്ഠിക്കാൻ ഈ പദവി വഴിയൊരുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അവിൻ ജെയിംസിനെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത അഭിനന്ദിക്കുകയും പുതിയ ഉത്തരവാദിത്വങ്ങൾ ദൈവാനുഗ്രഹത്തോടെ നിർവഹിക്കാൻ ആശംസകൾ നേരുകയും ചെയ്തു.

Related Articles

Back to top button