ശിവഗിരി മഠം ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പിനെ ആദരിച്ചു

ഗുരുദേവ ദര്‍ശനം മനുഷ്യരാശിയുടെ ഭാവിക്ക് പ്രായോഗിക മാര്‍ഗ്ഗരേഖ: ലീ ടാര്‍ലാമിസ്

ശിവഗിരിമഠത്തിലെത്തിയ ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസിനെ ശിവഗിരി മഠം ആദരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ സര്‍വമത സമ്മേളന ശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലീ ടാര്‍ലാമിസ് ഭാര്യ ചാവോ ലീ ടാര്‍ലാമിസിനൊപ്പമാണ് മഠം സന്ദര്‍ശിച്ചത്.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സമൂഹമുള്ള സംസ്ഥാനമാണ് വിക്ടോറിയ. സാമൂഹിക സാംസ്കാരിക രംഗത്തെ വൈവിധ്യങ്ങള്‍ വെല്ലുവിളിയല്ലെന്നും അത് സമൂഹത്തിന്‍റെ ഒരുമയ്ക്ക് ഏറ്റവും വലിയ ശക്തിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ ലോകത്തെ കൂടുതല്‍ അടുപ്പിച്ചെങ്കിലും തെറ്റിദ്ധാരണകളും അസഹിഷ്ണുതയും സാമൂഹിക വിഭജനങ്ങളും മനുഷ്യരെ അകറ്റുകയാണ്. ‘ഇത്തരം സാഹചര്യത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവഗിരിയിലെ അന്നക്ഷേത്രം ആഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് വി. ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു.

വിക്ടോറിയന്‍ പാര്‍ലമെന്‍റില്‍ സര്‍വമത സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതുപോലെ കേരള നിയമസഭയില്‍ ഇതുവരെ അത്തരമൊരു സമ്മേളനം നടത്താന്‍ ഇടയായിട്ടില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായി, ശിവഗിരി മഠം ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചാല്‍ നിയമസഭയോടു ചേര്‍ന്ന ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഈവിധമൊരു സമ്മേളനം സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി. ജോയ് എംഎല്‍എ അറിയിച്ചു. മഠത്തിന്‍റെ ആദരമേകുന്ന സാക്ഷീപത്രവും ഉപഹാരവും സ്വീകരിച്ചുകൊണ്ട് ഇനിയും ശിവഗിരി മഠവുമായി സഹകരിച്ചു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചീഫ് വിപ്പ് പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, ഫിന്നി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ മഠത്തിലെത്തിയ അദ്ദേഹം പത്നീ സമേതനായി മഹാസമാധി, വൈദികമഠം,. ശാരദാമഠം, എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. മഠത്തിലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ശിവഗിരി മഠത്തിലെത്തിയ ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസിന്‍റെ ഭാര്യ ചാവോ ലീ ടാര്‍ലാമിസ് നടത്തിയ വേറിട്ട ആതിഥേയത്വം മഠത്തിലെ സ്വാമിമാരെയും മറ്റുള്ളവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

സന്ദര്‍ശനത്തിനിടെ ശിവഗിരിയിലെ ചക്ക രുചിക്കണമെന്ന് ചാവോ ലീ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മഹാസമാധി പരിസരത്തെ പ്ലാവില്‍നിന്ന് ഒരു വരിക്കച്ചക്ക അവര്‍ക്കായി എത്തിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ചാവോ ലീ സ്വയം ചക്ക മുറിച്ച് അതിലെ ചുളകള്‍ വേര്‍തിരിച്ച് അവിടെ ഉണ്ടായിരുന്ന സ്വാമിമാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയത് പുതിയൊരു സ്നേഹാനുഭവമായി.

ചക്ക മുറിക്കുന്നതിലും വിളമ്പുന്നതിലുമുള്ള അവരുടെ കൈവഴക്കവും ആത്മാര്‍ഥതയും കണ്ടവര്‍ക്ക് കൗതുകമായി. അതിഥിയായി എത്തിയ ഒരാള്‍ ആതിഥേയയുടെ വേഷമണിഞ്ഞ ഈ അപൂര്‍വ നിമിഷം ശിവഗിരിയിലെ എല്ലാവരുടെയും മനസ്സില്‍ മായാത്ത ഓര്‍മയായി മാറി.

Related Articles

Back to top button