ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിരോധനം ഫലം കണ്ടില്ല; 85% കുട്ടികളും ഇപ്പോഴും സജീവം

സിഡ്‌നി: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ നിയമം ലക്ഷ്യം കാണുന്നില്ലെന്ന് റിപ്പോർട്ട്. നിരോധനം നിലവിൽ വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും 16 വയസിന് താഴെയുള്ളവരിൽ 85 ശതമാനത്തിലധികം പേരും ഇപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ലോകത്ത് ആദ്യമായി കുട്ടികൾക്കായി സോഷ്യൽ മീഡിയക്ക് പ്രായപരിധി ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ. 2025 ഡിസംബർ മുതലാണ് ടിക് ടോക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്പ് ചാറ്റ്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ 16 വയസിന് താഴെയുള്ളവർക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് നിരോധിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ കാസിൽ നടത്തിയ പഠനത്തിൽ ഈ നിയമം നടപ്പിലാക്കുന്നതിലെ ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നു.

പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങൾ ഫലപ്രദമല്ല എന്നതാണ് നിയമം ലംഘിക്കപ്പെടാൻ പ്രധാന കാരണം. കൂടാതെ നിലവിലുണ്ടായിരുന്ന അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തുടരാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. നിരോധനത്തിന് ശേഷം ഉപയോഗത്തിൽ ചെറിയ കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും തങ്ങളുടെ പഴയ അക്കൗണ്ടുകൾ ഉപയോഗിച്ച് തന്നെയാണ് ഇപ്പോഴും പ്ലാറ്റ്‌ഫോമുകളിൽ തുടരുന്നത്.

ഈ കണ്ടെത്തൽ മറ്റ് രാജ്യങ്ങൾക്കും വലിയൊരു മുന്നറിയിപ്പാണ്. 2027 മുതൽ സമാനമായ രീതിയിൽ സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കാൻ പദ്ധതിയിടുന്ന യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈ ഫലങ്ങൾ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. നിയമ നിർമ്മാണം കൊണ്ട് മാത്രം സോഷ്യൽ മീഡിയയുടെ സ്വാധീനത്തെ മറികടക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഓസ്‌ട്രേലിയയിലെ ഈ അവസ്ഥ.

Related Articles

Back to top button