പാസ്പോര്‍ട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍; പുതിയ നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ നിരക്കുകള്‍ 2026 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അറിയിച്ചു. 2012 ന് ശേഷം ഇതാദ്യമായാണ് പാസ്പോര്‍ട്ട് ഫീസില്‍ ഇത്രയും വലിയ വര്‍ധനവ് വരുത്തുന്നത്. പാസ്പോര്‍ട്ട് റൂള്‍സ് 2026 പ്രകാരമാണ് ഈ മാറ്റം.
സാധാരണക്കാര്‍ ഉപയോഗിക്കുന്ന 36 പേജുള്ള സാധാരണ പാസ്പോര്‍ട്ടിന്റെ ഫീസ് 1500 രൂപയില്‍ നിന്നും 2500 രൂപയായി ഉയര്‍ത്തി. രാജ്യാന്തര യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന 60 പേജുകളുള്ള പാസ്പോര്‍ട്ടിന്റെ നിരക്ക് 3500 രൂപ ആയിരിക്കും.
മുതിര്‍ന്നവര്‍ക്കുള്ള 36 പേജ് സാധാരണ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് 1500 രൂപയില്‍ നിന്ന് 2500 രൂപയായും തത്കാല്‍ നിരക്ക് 3500 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന 60 പേജിന്റെ സാധാരണ അപേക്ഷാ ഫീസ് 2000 രൂപയില്‍ നിന്ന് 3500 രൂപയായും, ഇതിന്റെ തത്കാല്‍ നിരക്ക് 4000 രൂപയില്‍ നിന്ന് 6000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പകരം പുതിയത് ലഭിക്കുന്നതിനുള്ള ഫീസിലും വലിയ വര്‍ധനവുണ്ട്. 36 പേജിന്റെ പാസ്പോര്‍ട്ടിന് സാധാരണ നിരക്കായി 5000 രൂപയും തത്കാലിന് 7500 രൂപയും ഇനി നല്‍കേണ്ടി വരും. 60 പേജുള്ള പാസ്പോര്‍ട്ടിന് ഇത് യഥാക്രമം 6000 രൂപയും 8500 രൂപയുമായിരിക്കും പുതിയ നിരക്ക്.
18 വയസിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ 36 പേജ് സാധാരണ അപേക്ഷാ ഫീസ് 1000 രൂപയില്‍ നിന്ന് 1750 രൂപയായും തത്കാല്‍ നിരക്ക് 4250 രൂപയായും പുതുക്കി. കുട്ടികളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താല്‍ പകരം അപേക്ഷിക്കുന്നതിന് സാധാരണ നിരക്ക് 4250 രൂപയും തത്കാല്‍ നിരക്ക് 6750 രൂപയുമാണ് പുതിയ മാറ്റ പ്രകാരം ഈടാക്കുക.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍ എന്നിവയുടെ ഇന്ത്യയിലെ ഫീസ് 750 രൂപയായും വിദേശത്ത് 40 യുഎസ് ഡോളറായും നിശ്ചയിച്ചു. ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിന് ഇന്ത്യയില്‍ 1000 രൂപയും വിദേശത്ത് 50 യു.എസ് ഡോളറുമായിരിക്കും ഇനി ഈടാക്കുക.
കഴിഞ്ഞ ദിവസം നടന്ന പാസ്പോര്‍ട്ട് സേവാ ദിവസ് ആഘോഷങ്ങളോട് അനുബന്ധിച്ച്, പാസ്പോര്‍ട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും വ്യക്തികളുടെ പൗരത്വം തെളിയിക്കാനുള്ള സ്വതന്ത്ര രേഖയായി ഇതിനെ കണക്കാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിരക്കുകള്‍ വരുന്നത് എന്നത് ശ്രദ്ധേയമാണ്.
നിലവിലെ പഴയ നിരക്കില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ 2026 ജൂണ്‍ 30 വരെ സമയമുണ്ട്. ജൂലൈ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ പുതിയ നിരക്കുകള്‍ അപ്ഡേറ്റ് ചെയ്യപ്പെടും.



