എന്‍എംസിസി മെഗാ ഓണാഘോഷം ഓഗസ്റ്റ് 23ന്

മെല്‍ബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ്ബിന്റെ (എൻഎംസിസി) മെഗാ ഓണാഘോഷം ‘ചിങ്ങപ്പുലരി 2025’ ഓഗസ്റ്റ് 23ന് ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും.

നോര്‍ത്ത് ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ എംപിയും വിക്ടോറിയന്‍ പാർലമെന്റിലെ ഷാഡോ മിനിസ്റ്ററുമായ റിച്ചര്‍ഡ് വെല്‍ഷ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. സുശീല്‍ കുമാര്‍, ഫാദര്‍ വര്‍ഗീസ് കുരിശിങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.

രാവിലെ 9 മണിക്ക് എന്‍എംസിസി കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ശേഷം, 10 മണിക്ക് നൂറോളം കലാകാരികള്‍ അണിനിരക്കുന്ന മെഗാതിരുവാതിര അരങ്ങേറും.

സോളമന്റെ നേതൃത്വത്തിലുള്ള ബീറ്റ്സ് ഓഫ് മെല്‍ബണ്‍ ടീമിന്റെ ചെണ്ടമേളം, താലപ്പൊലി, വര്‍ണ്ണകുടകൾ, പുലികളി എന്നിവയുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിക്കും.

തുടര്‍ന്ന്, ഓണപാട്ടുകള്‍, നൃത്തങ്ങൾ, കളരിപയറ്റ്, പിന്നല്‍ തിരുവാതിര എന്നിവയുൾപ്പടെ ഇരുന്നൂറ്റി അൻപതോളം കലാകാരന്മാരും കലാകാരികളും ഓണാഘോഷ പരിപാടികൾ അവതരിപ്പിക്കും.

രണ്ട് മണി മുതല്‍ സിനിമാതാരങ്ങളും കോമഡി പരിപാടികളിലൂടെ സുപരിചിതരുമായ ഹരീഷ് കണാരന്‍, നിർമല്‍ പാലാഴി, ബേബി എന്നിവരുടെ നേതൃത്വത്തില്‍ കോമഡി സ്കിറ്റുകളും അരുണ്‍ ഗോപന്‍, കീര്‍ത്തന എന്നിവരുടെ നേതൃത്വത്തില്‍ മേഗാ ഷോയും അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യയുണ്ടായിരിക്കും. അങ്കമാലിക്കാരന്‍ സിജോയുടെ നേതൃത്വത്തിലുള്ള റെഡ്ചില്ലീസാണിത് ഒരുക്കുന്നത്.

അലക്സ് മാമ്മന്‍, ജോയല്‍ ടോമി എന്നിവരുടെ നേതൃത്വത്തില്‍ ആല്‍ഫാ ക്രിയേഷന്‍സും ജെഎം ഓഡിയോസിലെ സൗണ്ട് എന്‍ജിനിയര്‍ ജിം മാത്യുവും ചേര്‍ന്ന് വേദിയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ക്രമീകരണം നിര്‍വഹിക്കും. മീഡിയ പാര്‍ട്ട്നര്‍ ഡിജിയോട്രിക്സ് സാരഥി ഡെന്നി തോമസിന്റെയും ടീമിന്റെയും സഹായത്തോടെ മാവേലിക്കും ഓണപൂക്കളത്തോടും ഒപ്പം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഉടനടി പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എന്‍എംസിസി പ്രസിഡന്റ് ഗിരീഷ് ആലക്കാട്ടിന്റെ നേതൃത്വത്തില്‍ 15 അംഗ കമ്മിറ്റിയാണ് ഓണാഘോഷങ്ങള്‍ നടത്തുന്നത്. ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ഗിരീഷ് അലക്കാട്ട് (0423 322 914), ജോണ്‍സണ്‍ ജോസഫ് (0431 511 858), പോള്‍ സെബാസ്റ്റ്യന്‍ (0422 036 621) എന്നിവരെ ബന്ധപ്പെടാം.

Related Articles

Back to top button