ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ തിളങ്ങി മലയാളി ബാലൻ; 12-ാം വയസ്സിൽ തീപ്പന്തുകളുമായി മിന്നും പ്രകടനം

ടൗൺസ്‌വില്ല: ഓസ്‌ട്രേലിയയിലെ ജൂനിയർ ക്രിക്കറ്റ് ലോകത്ത് അതിവേഗം ചലിക്കുന്ന പന്തിന് പിന്നിലെ മാന്ത്രിക കരങ്ങളുടെ ഉടമയാണ് മലയാളി ബാലനായ ക്രിസ്റ്റൻ കുര്യാക്കോസ്. തീപാറുന്ന പന്തുകൾ കൊണ്ട് എതിരാളികളുടെ മനസ്സിൽ പേടി സ്വപ്നമായി മാറുന്ന ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയരുന്നതിനുള്ള ആഗ്രഹത്തിലാണ് ഈ 12 വയസ്സുകാരൻ. വേഗതയാർന്ന ബൗളിങ്ങിനൊപ്പം കൃത്യതയാർന്ന യോർക്കറുകളും മികച്ച ഇൻസ്വിങ്ങും കൊണ്ട് ബാറ്റ്സമാനമാരെ വെള്ളം കുടിപ്പിക്കുന്ന ഈ ‘കുട്ടിതാരത്തിന്’ ഇതിനകം തന്നെ ജൂനിയർ ക്രിക്കറ്റിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ക്രിസ്റ്റന് സ്വാധീനിച്ചിട്ടുണ്ട്.

കഴിഞ്ഞ നോർത്ത് ക്വീൻസ്‌ലാൻഡ് ക്രിക്കറ്റ് കാർണിവലിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ്റ്റൻ, ഫൈനലിൽ മാത്രം ആറ് വിക്കറ്റുകൾ സ്വന്തമാക്കി ടീമിന്റെ കിരീടധാരണത്തിൽ മുഖ്യ പങ്ക് വഹിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ക്രിസ്റ്റൻ ടൂർണമെന്റിലെ ഏറ്റവും നല്ല ബൗളർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ മൂന്ന് സീസണുകളിലും ടൗൺസ്‌വില്ലിലെ ഐയ്ജ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതും ക്രിസ്റ്റൻ ആയിരുന്നു. മികച്ച പ്രകടനത്തിന്റെ തുടർച്ചയായി നോർത്തേൺ സ്കൂൾബോയ്സ് ടീമിലേക്കും ക്രിസ്റ്റൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബ്രിസ്‌ബേനിൽ നടക്കുന്ന സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ നോർത്ത് ക്വീൻസ്‌ലാൻഡിനെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് ഈ യുവതാരത്തിന് ലഭിച്ചിരിക്കുന്നത്.

ബ്രെറ്റ് ലീയും ഗ്ലെൻ മക്ഗ്രോയും അടക്കമുള്ള ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാരുടെ പാരമ്പര്യം മാതൃകയാക്കി, ടൗൺസ്‌വില്ലിൽ നിന്ന് ക്രിസ്റ്റന്റെ ക്രിക്കറ്റ് യാത്ര പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ക്രിസ്റ്റന്റെ ഈ ക്രിക്കറ്റ് സ്വപ്നത്തിൽ പരിപൂർണ പിന്തുണ നൽകി കൂടെ നിൽക്കുകയാണ് മാതാപിതാക്കളായ കുര്യാക്കോസ് തോപ്പിലും, സ്റ്റിനി കുര്യാക്കോസും സഹോദരിമാരായ മെൽറോസും, ഇസബെല്ലും ഒപ്പം ടൗൺസ്‌വില്ലിലെ മലയാളി സമൂഹം മുഴുവനും.

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ജോ സ്കാടേരിയുടെയും, ശ്രീലങ്കൻ നാഷനൽ ജൂനിയർ ടീമിന്റെ പരിശീലകനായിരുന്ന സമിത് ധനുഷ്ക്കയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്രിസ്റ്റൻ പരിശീലിക്കുന്നത്.

Related Articles

Back to top button