കെയ്ൻസ് മലയാളി അസോസിയേഷന്റെ പത്താം വാർഷികവും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു

കെയ്ൻസ്: ക്വീൻസ്‌ലാൻഡിലെ മലയാളി അസോസിയേഷൻ ഓഫ് കെയ്ൻസ് (മാക്) വിപുലമായ പരിപാടികളോടെ ഓണാഘോഷവും സംഘടനയുടെ പത്താം വാർഷികവും ആഘോഷിച്ചു. കെയ്ൻസിലെ പ്രവാസി മലയാളി കൂട്ടായ്മയുടെ പത്തു വർഷത്തെ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റ് 29 ശനിയാഴ്ചയായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

കെയ്ൻസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മലയാളി കുടുംബങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിച്ച ആഘോഷത്തിൽ പങ്കാളികളായി.

കെയ്ൻസിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴിൽ ഒന്നിപ്പിച്ചതിന്റെ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയായതിനാൽ ഇത്തവണത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി മലയാളി കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും, കേരള സംസ്കാരത്തെയും പാരമ്പര്യങ്ങളെയും പരിപോഷിപ്പിക്കുന്നതിലും, പ്രവാസി സമൂഹത്തിന് ഒത്തുചേരാനുള്ള വേദികൾ ഒരുക്കുന്നതിലും മാക് നിർണായക പങ്കാണ് വഹിച്ചത്.

ചടങ്ങിന്റെ ഭാഗമായി മാക്കിന്റെ പത്താം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മുൽഗ്രേവ് എം.പി ടെറി ജെയിംസ് ലോഗോ പ്രകാശനം നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളിലെയും മുന്നോട്ടുള്ള പ്രയാണത്തിലെയും സുപ്രധാന നാഴികക്കല്ലായി മാറിയ ചടങ്ങിൽ നിരവധി പ്രമുഖരും പങ്കെടുത്തു.

Related Articles

Back to top button