വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്; എയർ സുവിധയും ഇ-അറൈവൽ കാർഡും നിർബന്ധം

ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വിമാനമാർഗം യാത്ര ചെയ്യുന്നവർ പാസ്‌പോർട്ട്, വീസ, ഒസിഐ കാർഡ് തുടങ്ങിയ രേഖകൾക്കൊപ്പം ആരോഗ്യ സ്വയംപ്രഖ്യാപന ഫോമും ഇ-അറൈവൽ കാർഡും സംബന്ധിച്ച നിർദേശങ്ങളും ശ്രദ്ധിക്കണം. എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളുടെ പശ്ചാത്തലത്തിലാണ് എയർ സുവിധ സംവിധാനം കേന്ദ്രസർക്കാർ വീണ്ടും നടപ്പിലാക്കിയത്.
ഇന്ത്യയിലെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരും ഇമിഗ്രേഷൻ പരിശോധനയ്ക്കു മുൻപ് ആരോഗ്യ സ്വയംപ്രഖ്യാപന ഫോം പൂരിപ്പിക്കണമെന്നാണ് ഔദ്യോഗിക നിർദേശം. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും ഒസിഐ കാർഡ് ഉടമകൾക്കും വിദേശ പൗരന്മാർക്കും ഇത് ബാധകമാണ്. എബോള ബാധിത രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലാത്തവരും ഫോം പൂരിപ്പിക്കണം.
ഇന്ത്യയിൽ എത്തുന്നതിന് മുൻപുള്ള 24 മണിക്കൂറിനുള്ളിൽ ഫോം പൂരിപ്പിക്കാമെന്നാണ് നിലവിലെ നിർദേശം. കഴിഞ്ഞ 21 ദിവസത്തെ യാത്രാവിവരങ്ങൾ, രോഗസമ്പർക്ക ചരിത്രം, രോഗലക്ഷണങ്ങൾ തുടങ്ങിയവ ഫോമിൽ രേഖപ്പെടുത്തണം. പൂരിപ്പിച്ച ഫോം ഡൗൺലോഡ് ചെയ്ത് ആരോഗ്യ പരിശോധനാ കേന്ദ്രത്തിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിക്കണം.
വിദേശ പൗരന്മാരും ഒസിഐ കാർഡ് ഉടമകളും ആരോഗ്യ പ്രഖ്യാപനത്തിനു പുറമേ ഇ-അറൈവൽ കാർഡും പൂരിപ്പിക്കണം. ഇന്ത്യയിലെത്തുന്നതിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിൽ ഇത് ഓൺലൈനായി സമർപ്പിക്കാം. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പാസ്‌പോർട്ടുകളുമായി യാത്ര ചെയ്യുന്ന ഇന്ത്യൻ വംശജർക്കും ഈ നിർദേശം ബാധകമാണ്. ഇ-അറൈവൽ കാർഡ് സൗജന്യമാണ്. എന്നാൽ ഇത് വീസയ്ക്കോ ഒസിഐ കാർഡിനോ പകരമുള്ള രേഖയല്ല. വിദേശ പാസ്‌പോർട്ട് ഉടമകൾ സാധുവായ ഇന്ത്യൻ വീസയോ ഒസിഐ കാർഡോ യാത്രയ്ക്കിടെ കരുതണം.
ക്രിസ്മസ്–പുതുവത്സര അവധിക്കാലത്ത് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലെ അവസാന നിമിഷ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ ഫോമുകൾ മുൻകൂട്ടി പൂരിപ്പിക്കുന്നത് ഉചിതമാണ്. ആരോഗ്യ, യാത്രാ നിർദേശങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റുകളും വിമാനക്കമ്പനിയുടെ അറിയിപ്പുകളും പരിശോധിക്കണം.
ഇ-അറൈവൽ കാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്: https://indianvisaonline.gov.in/earrival/



