കൊവിഡ് ബാധ ഏറ്റവുമധികം മാനസികസമ്മർദ്ദമുണ്ടാക്കുന്നത് നഴ്സുമാർക്കെന്ന് പഠനം

കൊറോണവൈറസ് ബാധ പോലുള്ള പകർച്ചവ്യാധികൾ പിടിപെടുമ്പോൾ ആരോഗ്യപ്രവർത്തകരുടെ കൂട്ടത്തിൽ നഴ്സുമാരാണ് ഏറ്റവുമധികം മാനസിക സമ്മർദ്ദം നേരിടുന്നതെന്ന് പുതിയ പഠനം.

2000 മുതൽ 2020 വരെ പടർന്നുപിടിച്ച വിവിധ പകർച്ചവ്യാധികളുടെ പ്രതിരോധ രംഗത്തുണ്ടായിരുന്നുവരുടെ മാനസികാരോഗ്യത്തെക്കുറിച്ചാണ് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡ് പഠനം നടത്തിയത്.

വിവിധ ആരോഗ്യമേഖലകളെക്കുറിച്ച് 34 പഠനങ്ങൾ ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,43,000 ആരോഗ്യപ്രവർത്തകരാണ് ഈ പഠനങ്ങളുടെ ഭാഗമായത്.

സാർസ്, പക്ഷിപ്പനി, പന്നിപ്പനി, എബോള തുടങ്ങിയ പകർച്ചവ്യാധികളെല്ലാം പൊട്ടിപ്പുറപ്പെട്ടപ്പോഴും ആരോഗ്യപ്രവർത്തകർ കനത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയി.

ഈ മാനസിക സമ്മർദ്ദം മൂന്നു വർഷം വരെ നീണ്ടു നിൽക്കാം എന്നാണ് ഫ്രണ്ടിയേഴ്സ് ഇൻ സൈക്യാട്രി എന്ന മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.

മറ്റെല്ലാ ആരോഗ്യപ്രവർത്തകരെക്കാളും കൂടുതൽ സമ്മർദ്ദമുണ്ടാകുന്നത് നഴ്സുമാർക്കാണ്.

ആകെയുള്ള 34 പഠനങ്ങളിൽ 16 എണ്ണത്തിലും വ്യക്തമായത് നഴ്സുമാരാണ് കടുത്ത മാനസിക സമ്മർദ്ദവും, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസും, വിഷാദരോഗവും ഉൾപ്പെടെയുള്ളപ്രശ്നങ്ങളിലേക്ക് പോകുന്നത് എന്നാണ്.

ഇതിൽ തന്നെ സ്ത്രീകളിലാണ് കൂടുതൽ മാനസിക സമ്മർദ്ദം കണ്ടത്.

നഴ്സുമാരിൽ കൂടുതലും സ്ത്രീകളായതും, മറ്റ് ആരോഗ്യപ്രവർത്തകരെക്കാൾ രോഗികളുമായുള്ള സമ്പർക്കം അധികമായതും ഇതിന് കാരണമാകുന്നുണ്ട്.

ഈ പ്രശ്നം നേരിടുന്നതിനായി കൂടുതൽ നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഫുസ്ഷിയ സിറോയിസ് ആവശ്യപ്പെട്ടു.

സാമൂഹികമായി കൂടുതൽ പിന്തുണ നൽകുക, ഇത്തരം പകർച്ചവ്യാധികളെയും മഹാമാരികളെയും കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധമുണ്ടാക്കുക, പര്യാപ്തമായ രീതിയിൽ PPE കിറ്റുകൾ ലഭ്യമാക്കുക, വേണ്ടത്ര പരിശീലനവും മറ്റ് സൗകര്യങ്ങളും നൽകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.

കൊറോണവൈറസ്ബാധ കൂടുതൽ ഗുരുതരമാകുന്നത് പ്രായമേറിയവർക്കാണെങ്കിലും, ആരോഗ്യപ്രവർത്തകരിൽ പ്രായമേറിയവർക്ക് പൊതുവിൽ മാനസിക സമ്മർദ്ദം കുറവാണ് എന്നാണ് കണ്ടെത്തൽ.

കൂടുതൽ അനുഭവസമ്പത്തും, ഇത്തരം വിഷയങ്ങളെക്കുറിച്ചുമുള്ള അവബോധവുമാണ് പ്രായമേറിയവർക്ക് സമ്മർദ്ദം കുറയ്ക്കുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button