പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ഓർമ്മ ആചരിച്ച് ബ്രിസ്‌ബേൻ ഓർത്തഡോക്സ് ദേവാലയം

ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്തയായ ഗീവർഗ്ഗീസ് മാർ പീലക്സീനോസ് ഓസ്‌ട്രേലിയൻ പര്യടനത്തിന്‍റെ ഭാഗമായി ബ്രിസ്‌ബേനിലെ സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ചു.

മദ്രാസ് ഭദ്രാസനത്തിന്‍റെ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യത്തെ എപ്പിസ്‌കോപ്പൽ സന്ദർശനമായിരുന്നു ഇത്. ശനിയാഴ്ച നടന്ന സന്ധ്യാപ്രാർത്ഥനയ്ക്കും ഞായറാഴ്ച നടന്ന വിശുദ്ധ കുർബ്ബാനയ്ക്കും മെത്രാപ്പൊലീത്താ കാർമ്മികത്വം വഹിച്ചു.

കൂടാതെ, ദേവാലയത്തിന്‍റെ നാമധേയനായ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ (ഗീവർഗ്ഗീസ് മാർ പീലക്സീനോസ്) എഴുപത്തിമൂന്നാം ഓർമ്മയും ഭക്ത്യാദരപൂർവ്വം ആചരിച്ചു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സണ്ടേസ്കൂൾ പത്താം ക്ലാസ്സ് പാസ്സായ ജെറിൻ ബിജു,ക്രിസ്റ്റീനാ കുര്യൻ എന്നിവർക്കും അഖില മലങ്കര മർത്തമറിയം സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സര പരീക്ഷയിൽ വിജയികളായ അന്നമ്മ തോമസ് , സൂസൻ തോമസ് , ഡോ.ജിൻസി സജീവ് എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇടവകയുടെ വിവിധ സംഘടനകളെ ഉൾപ്പെടുത്തിയുള്ള പൊതുസമ്മേളനവും നടന്നു. സഭയുടെ വികസനത്തിനായി ഒരു ഇടവകാംഗം നൽകിയ സംഭാവന ഏറ്റുവാങ്ങിയ മെത്രാപ്പൊലീത്താ, ചർച്ച് ബിൽഡിങ് ഫണ്ടിന്‍റെ ധനശേരണത്തിന് തുടക്കം കുറിച്ചു.

സന്ദർശന സമയത്ത് ഇടവക അംഗങ്ങളായ ചാക്കോ തോമസ്, അന്നമ്മ ദമ്പതികൾ മെത്രാപ്പൊലീത്തയ്ക്ക് ഉപഹാരം നൽകി. സമാപന പ്രസംഗത്തിൽ ഇടവകയുടെ വളർച്ചയെയും ഐക്യത്തെയും മെത്രാപ്പൊലീത്താ പ്രശംസിച്ചു.

സ്വീകരണത്തിനും തുടർന്നുള്ള ചടങ്ങുകൾക്കും വികാരി ഫാ. ഷിനു വർഗ്ഗീസ് നേതൃത്വം നൽകുകയും ഇടവക ട്രസ്റ്റി,സെക്രട്ടറി മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ മേൽനോട്ടം വഹിക്കുകയും ചെയ്തു.

Related Articles

Back to top button