ഇൻസുലിൻ കുത്തിവയ്പ്പ് ഒഴിവാക്കാൻ കഴിയുന്ന കണ്ടെത്തലുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ

ടൈപ്പ് 1 പ്രമേഹരോഗികൾക്ക് പ്രതീക്ഷ നൽകുന്ന പുതിയ കണ്ടെത്തൽ നടത്തിയതായി ഓസ്‌ട്രേലിയൻ ഗവേഷകർ. ഇൻസുലിൻ കുത്തിവയ്പ്പ് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ടൈപ്പ് 1 പ്രമേഹരോഗത്തിന്റെ ചികിത്സയിൽ വഴിത്തിരിവിന് സാധ്യതയുള്ള കണ്ടെത്തലുമായി ഓസ്‌ട്രേലിയൻ ഗവേഷകർ.

പ്രമേഹരോഗികൾക്ക് ഇൻസുലിൻ കുത്തിവയ്പ്പ് അവസാനിപ്പിക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അർബുദരോഗത്തിനുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന രണ്ടു മരുന്നുകളാണ് ശാസ്ത്രജ്ഞർ പരീക്ഷിക്കുന്നത്.

രോഗികളുടെ പാൻക്രിയാറ്റിക് സ്റ്റെം സെല്ലുകൾക്ക് ഇൻസുലിൻ ഉത്പ്പാദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള മാറ്റങ്ങൾ സാധ്യമാകുമെന്നാണ് പഠനം നടത്തുന്ന ബേക്കർ ഹാർട്ട് ആൻഡ് ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയത്.

ടൈപ്പ് 1 പ്രമേഹരോഗം ചികിൽസിച്ച് സുഖപ്പെടുത്താൻ വരെ കഴിയുമെന്നുള്ള സാധ്യതകളാണ് ഈ കണ്ടെത്തൽ വഴി ഉണ്ടായിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു.

മൊണാഷ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ മുൻപ് നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കി മെൽബണിലെ ഗവേഷകരുടെ പുതിയ കണ്ടെത്തലാണ് ടൈപ്പ് 1 പ്രമേഹരോഗത്തിനെതിരെയുള്ള ചികിത്സയിൽ പ്രതീക്ഷ നൽകുന്നത്.

ഓസ്‌ട്രേലിയയിൽ ഏകദേശം 134,000 പേർക്ക് ടൈപ്പ് 1 പ്രമേഹമുള്ളതായാണ് ഡയബറ്റിസ് ഓസ്‌ട്രേലിയയുടെ കണക്കുകൾ. പ്രമേഹരോഗികളിൽ 10 ശതമാനത്തോളം പേർക്ക് ടൈപ്പ് 1 പ്രമേഹരോഗമുള്ളതായാണ് കണക്കുകൾ.

പുതിയ കണ്ടെത്തൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹരോഗികൾക്കും ഉപയോഗപ്രദമാകാനുള്ള സാധ്യതകളുള്ളതായി ഗവേഷകർ പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ പ്രമേഹ രോഗ തലസ്ഥാനം എന്നറിയപ്പെടുന്നത് കേരളമാണ്.

കേരളത്തിലെ 18 വയസിനു മേലുള്ളവരില്‍ 20 ശതമാനം പേര്‍ക്കും ടൈപ്പ് 2 പ്രമേഹം ഉണ്ടെന്നാണ് കണക്കുകള്‍.

മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കേരളത്തില്‍ പ്രമേഹരോഗ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്.

ടൈപ്പ് 1 പ്രമേഹരോഗത്തിന്റെ ചികിത്സയിൽ പ്രതീക്ഷ നൽകുന്ന പുതിയ കണ്ടെത്തൽ കൂടുതൽ പഠനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്.

ഭാവിയിൽ കുട്ടികളിലും മുതിർന്നവരിലും പുതിയ ചികിത്സാ രീതി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയുള്ളതായി ഓസ്‌ട്രേലിയയിലെ ഗവേഷകർ പറഞ്ഞു.

നിലവിൽ ഈ പഠനം പരീക്ഷണഘട്ടത്തിലാണ്. ഈ ചികിത്സാ രീതി മൃഗങ്ങളിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകർ.

Related Articles

Back to top button