ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ വാർഷിക സംഗമം സംഘടിപ്പിച്ചു

പെർത്ത്∙ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഓസ്ട്രേലിയ കേരള ചാപ്റ്റർ WA-യുടെ വാർഷിക സംഗമവും അതിന്റെ ചാരിറ്റി വിഭാഗമായ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ വാർഷിക പൊതുയോഗവും (AGM) ഹാരിസ്‌ഡെയിലിലെ ഹണിഈറ്റർ ഹൗസിൽ സംഘടിപ്പിച്ചു.

സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വരുംവർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും സംഗമം വേദിയായി. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രിയദർശിനി പ്രസിഡന്റ് ജോസഫ് മാത്യു (ആന്റപ്പൻ) സ്വാഗതം ആശംസിച്ചു. IOC കേരള ചാപ്റ്റർ WA പ്രസിഡന്റ് പോളി ചെമ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീരേഖ ശ്രീകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ നിയാസ് കമറുദ്ദീൻ വിദേശത്തായതിനാൽ, IOC നാഷണൽ കമ്മിറ്റി അംഗം തോമസ് ഡാനിയേൽ വാർഷിക സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോജു ജോസും ജോയിന്റ് സെക്രട്ടറി ആന്ററോയ് എയ്ഡനും ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് സ്റ്റീഫൻ സൈമന്റെയും ആശിഷ് ദിബിൻസിന്റെയും നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി.

കഴിഞ്ഞ നാല് വർഷമായി പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം കേരളത്തിലെ നിർധനരും അർഹരുമായ നിരവധി ആളുകൾക്ക് കൈത്താങ്ങായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വീൽചെയറുകൾ, ശ്രവണസഹായികൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, കിടക്കകൾ തുടങ്ങി ജീവിതത്തിൽ ഏറെ ആവശ്യമുള്ള സഹായങ്ങൾ അർഹരായവരിലേക്ക് എത്തിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കൂടാതെ, അന്തരിച്ച പത്തനംതിട്ട മുൻ ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന ശ്രീ എം.ജി. കണ്ണന്റെ കുടുംബത്തിന് ₹5 ലക്ഷം രൂപ ധനസഹായവും പ്രിയദർശിനിയുടെ നേതൃത്വത്തിൽ കൈമാറുകയുണ്ടായി. നാട്ടിലെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയുമായി മാറിയ ഈ പ്രവർത്തനങ്ങൾ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്. അംഗങ്ങളുടെയും സുമനസ്സുകളുടെയും പിന്തുണയോടെ ഇത്തരം സേവന പ്രവർത്തനങ്ങൾ തുടർന്നും വിപുലീകരിക്കുകയാണ് പ്രിയദർശിനിയുടെ ലക്ഷ്യം.

കൈതാങ്ങ് പായസം ചാലഞ്ചിന്റെ ഭാഗമായി പായസം തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബിനോ പോളശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് IOC കേരള ചാപ്റ്റർ സ്റ്റേറ്റ് അഡ്വൈസർ സുബാഷ് മങ്ങാട്ട്, IOC കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി അംഗം ജനീഷ് ആന്റണി, പ്രബിത്ത് പ്രേംരാജ്, പ്രമോദ് തോമസ്, ആൽബർട്ട് ചനിക്കുട്ടി എന്നിവർ നേതൃത്വം നൽകി.

ശ്രീരേഖ ശ്രീകുമാർ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ ഔദ്യോഗിക പരിപാടികൾ സമാപിച്ചു. തുടർന്ന് നടന്ന ഭക്ഷണവും സൗഹൃദസംഗമവും അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനും അവസരമായി. കേരളത്തിന്റെ ഐക്യവും സംസ്കാരവും പ്രവാസി മലയാളികൾക്കിടയിൽ നിലനിർത്തുന്നതിനൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും സംഗമം ഉയർത്തിപ്പിടിച്ചു.

Related Articles

Back to top button