പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് ബ്രിഡ്ജിങ് വിസ ‘ബി’ ഇല്ല; യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

കാൻബറ: ഓസ്‌ട്രേലിയയിൽ പ്രൊട്ടക്ഷൻ വിസ (സബ്‌ക്ലാസ് 866) അപേക്ഷകളിൽ തീർപ്പുകാത്തിരിക്കുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന ബ്രിഡ്ജിങ് വിസ ബി (BVB) ഇനിമുതൽ ലഭിക്കില്ല. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സ് പ്രഖ്യാപിച്ച ഈ പുതിയ നിയന്ത്രണങ്ങൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. പ്രൊട്ടക്ഷൻ വിസ അപേക്ഷകളിലോ പുനഃപരിശോധനാ ഹർജികളിലോ അന്തിമ തീരുമാനം വരുംമുൻപ് രാജ്യം വിടുന്നവർക്ക് പിന്നീട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരാൻ സാധിക്കില്ല.
പ്രധാന മാറ്റങ്ങൾ
- പഴയ അപേക്ഷകർക്ക് ഇളവ്: നവംബർ ഒന്നിന് മുൻപ് സമർപ്പിച്ച ബ്രിഡ്ജിങ് വിസ ബി അപേക്ഷകൾ തുടർന്നും പരിശോധിച്ച് തീർപ്പാക്കും.
- പുതുക്കാൻ സാധിക്കില്ല: നിലവിൽ ബ്രിഡ്ജിങ് വിസ ബി ഉള്ളവരുടെ വിസ കാലാവധി അവസാനിച്ചാൽ, യാത്രാ ആവശ്യങ്ങൾക്കായി വീണ്ടുമൊരു വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
- മറ്റ് വിസകൾക്കും നിയന്ത്രണം: പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് സാധാരണയായി ലഭിക്കുന്ന ബ്രിഡ്ജിങ് വിസ എ, സി അല്ലെങ്കിൽ ഇ എന്നിവ കൈവശമുള്ളവർക്കും രാജ്യം വിട്ടാൽ തിരികെ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല.
ജോലിക്കുള്ള എളുപ്പവഴിയല്ല
സ്വന്തം രാജ്യത്ത് പീഡനങ്ങളോ ജീവന് ഭീഷണിയോ നേരിടുന്ന യഥാർത്ഥ അഭയാർത്ഥികൾക്ക് സംരക്ഷണം നൽകാൻ മാത്രമുള്ളതാണ് പ്രൊട്ടക്ഷൻ വിസയെന്നും, ഇത് ഓസ്‌ട്രേലിയയിൽ താമസിച്ച് ജോലി ചെയ്യാനുള്ള എളുപ്പവഴിയായി കാണരുതെന്നും ആഭ്യന്തര വകുപ്പ് കർശന മുന്നറിയിപ്പ് നൽകി.
നിലവിൽ പ്രൊട്ടക്ഷൻ വിസ അപേക്ഷകളിൽ അതിവേഗത്തിലാണ് തീരുമാനമെടുക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 85 ശതമാനത്തോളം അപേക്ഷകളും നിരസിക്കപ്പെടുകയാണ്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ പൂർണ്ണമായും (100%) തള്ളിക്കളയുന്ന സാഹചര്യവുമുണ്ട്.
വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്; കാത്തിരിക്കുന്നത് കടുത്ത നടപടികൾ
യോഗ്യതയില്ലാതെ പ്രൊട്ടക്ഷൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരിടേണ്ടിവരുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന ഉദാഹരണങ്ങളും ആഭ്യന്തര വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
തൊഴിലുടമയെ അറിയിക്കാതെ ജോലി മാറുകയും, ഓസ്‌ട്രേലിയയിൽ തുടരാനായി സുഹൃത്തിന്റെ ഉപദേശപ്രകാരം പ്രൊട്ടക്ഷൻ വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്ത ഒരു പാം (PALM) സ്കീം വിസക്കാരൻ ഇതിനൊരു ഉദാഹരണമാണ്. വിസ തള്ളിയതിനെ തുടർന്ന് അനധികൃതമായി തങ്ങിയ ഇയാളെ ബോർഡർ ഫോഴ്സ് പിടികൂടി നാടുകടത്തി. വൻ തുകയാണ് ഇയാൾക്ക് പിഴയായി അടയ്ക്കേണ്ടി വന്നത്. ടിക്ടോക്കിലെ വ്യാജ പരസ്യം വിശ്വസിച്ച് വ്യാജരേഖകളിലൂടെ അപേക്ഷ നൽകിയ ഒരു വിദേശ വിദ്യാർത്ഥിനി നിയമക്കുരുക്കിലായതാണ് മറ്റൊരു സംഭവം.
ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കനത്ത സാമ്പത്തിക ബാധ്യതയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.



