സൗഹൃദത്തിന്റെ 22 വർഷങ്ങൾ; ‘നമ്മൾ മെൽബൺ’ കൂട്ടായ്മയുടെ ഓണാഘോഷം വർണ്ണാഭമായി

മെൽബൺ: സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവെച്ച് ‘നമ്മൾ മെൽബൺ’ കൂട്ടായ്മയുടെ 22-ാമത് ഓണാഘോഷങ്ങൾ വർണ്ണാഭമായി നടന്നു. കേരളത്തിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങുകയും പിന്നീട് സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ ജോലിക്ക് ശേഷം ഓസ്‌ട്രേലിയയിൽ കുടിയേറുകയും ചെയ്ത സൗഹൃദവലയമാണ് ‘നമ്മൾ മെൽബൺ’ എന്ന കൂട്ടായ്മയായി മാറിയത്. 2004-ൽ രൂപീകൃതമായ ഈ കൂട്ടായ്മയിൽ നിലവിൽ എൺപതിലധികം കുടുംബങ്ങൾ സജീവ പങ്കാളികളാണ്.

മറ്റു മലയാളി അസോസിയേഷനുകളെയോ സംഘടനകളെയോ പോലെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനമാനങ്ങളോ ഔദ്യോഗിക പദവികളോ ഇല്ലാതെ തികച്ചും സൗഹൃദാന്തരീക്ഷത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഓരോ വർഷവും അടുത്ത വർഷത്തെ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചോ ആറോ പേരെ തെരഞ്ഞെടുക്കുകയും, എല്ലാവർക്കും ഊഴം ലഭിച്ച ശേഷം വീണ്ടും ഇത് ആവർത്തിക്കുകയും ചെയ്യുന്ന ശൈലിയാണ് പിന്തുടരുന്നത്. ഇതിലൂടെ കൂട്ടായ്മയിലെ ഓരോ കുടുംബവും സംഘാടകരായി മാറുന്നു. നിലവിൽ പുതിയ തലമുറയിലെ കുട്ടികളാണ് ആഘോഷപരിപാടികളുടെ പ്രധാന ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നത്. നാട്ടിൽ നിന്ന് വിരുന്നെത്തുന്ന മാതാപിതാക്കളാണ് ഇത്തരം ആഘോഷങ്ങളിലെ വിശിഷ്ടാതിഥികളാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഓണം, ക്രിസ്മസ്, വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ ഗംഭീരമായി സംഘടിപ്പിക്കുന്ന കൂട്ടായ്മയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ മെൽബണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുടുംബങ്ങളാണ് മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചെത്തിയത്. മെൽബൺ മാരാർസ് ഒരുക്കിയ ചെണ്ടമേളം, പുലിക്കളി, തിരുവാതിരക്കളി, നാടകം, ഗാനമേള, നൃത്തനൃത്യങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവയ്ക്കൊപ്പം കുട്ടികൾ ഒരുക്കിയ പ്രത്യേക ആർട്ട് എക്സിബിഷനും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Related Articles

Back to top button