വിദ്യാർഥി വീസ അപേക്ഷകളിൽ സുപ്രധാന മാറ്റവുമായി ന്യൂസീലൻഡ്

ഓക്ക്ലൻഡ്: രാജ്യാന്തര വിദ്യാർഥി വീസ അപേക്ഷകൾ ഇമിഗ്രേഷൻ അഡെപ്റ്റ് (ADEPT) എന്ന ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി ന്യൂസീലൻഡ്. ഇനി മുതൽ ഈ ഇമിഗ്രേഷൻ ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കും വിദ്യാർഥി വീസ അപേക്ഷയും നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടത്.
പേപ്പർ അധിഷ്ഠിത സംവിധാനത്തിൽ നിന്നു മാറി വേഗത്തിൽ കാര്യങ്ങൾ തീരുമാനമാക്കാനും കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ആപ്ലിക്കേഷൻ അനുഭവം നൽകാനും ലക്ഷ്യമിട്ടതാണ് ഈ ഇമിഗ്രേഷൻ ഓണ്‍ലൈൻ സംവിധാനം.
ഓഗസ്റ്റ് 18 മുതൽ ഇംഗ്ലിഷ് ലാംഗ്വേജ് സ്റ്റുഡന്റ്, എക്സ്ചേഞ്ച് സ്റ്റുഡന്റ്, ഫീ പേയിങ് സ്റ്റുഡന്റ്, പാത്ത്വേ സ്റ്റുഡന്റ്, ന്യൂസീലൻഡ് ഗവൺമെന്റ് സ്കോളർഷിപ് സ്റ്റുഡന്റ്, ഫോറിൻ ഗവൺമെന്റ് സപ്പോർട്ടഡ് സ്റ്റുഡന്റ് എന്നിങ്ങനെ നിരവധി വീസ വിഭാഗങ്ങളിലെ അപേക്ഷകൾ ഈ മാറ്റത്തിൽ ഉൾപ്പെടുന്നു.
ഓഗസ്റ്റ് 17നോ അതിന് മുന്‍പോ ആയി സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ നടപടിക്രമങ്ങൾ തുടരുന്നതാണ്. എന്നാല്‍, വിദ്യാർഥികൾക്ക് പൂർത്തിയാക്കാനുള്ള അപേക്ഷ ഡ്രാഫ്റ്റുകൾ സെപ്റ്റംബർ 17ന് മുന്‍പേ പൂർത്തിയാക്കണം. അതിനുള്ളിൽ പൂർത്തിയാകാത്ത അപേക്ഷ ഫോമുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്. സ്റ്റുഡന്റ് വീസകൾക്കുള്ള പേപ്പർ അപേക്ഷകൾ 2025 സെപ്റ്റംബർ 18 മുതൽ സ്വീകരിക്കുകയുമില്ല.
ന്യൂസീലൻഡ് 2021ൽ അവതരിപ്പിച്ചതാണ് ഈ സംവിധാനം ‘അവർ ഫ്യൂച്ചർ സർവീസസ്’ എന്ന ഏഴ് വർഷം നീളുന്ന ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കിയത്. സന്ദർശക, തൊഴിൽ, സ്ഥിരതാമസം തുടങ്ങിയ വീസ വിഭാഗങ്ങള്‍ക്കുള്ള അപേക്ഷ 2021 മുതൽ ഈ പ്ലാറ്റഫോമിലൂടെയാണ് പ്രോസസ് ചെയ്യുന്നത്.
അപേക്ഷകളില്‍ വർധനവുണ്ടാകുന്ന ‘പീക്ക് മാസങ്ങളിൽ’ കാലതാമസം ഒഴിവാക്കാൻ, വിദ്യാർഥികൾ അവരുടെ യാത്രാ തീയതിക്ക് കുറഞ്ഞത് മൂന്ന് മാസം മുൻപ് എങ്കിലും അപേക്ഷിക്കണമെന്നാണ് അധികൃതർ ശുപാർശ ചെയ്യുന്നത്.



