വിമാനത്താവളങ്ങളിലെ ബോര്‍ഡിങ് പാസുകളില്‍ വമ്പന്‍ മാറ്റം; ചരിത്ര തീരുമാനവുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പ്രവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും പരാതികള്‍ക്കും ഒടുവില്‍ ശാശ്വത പരിഹാരം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ബോര്‍ഡിങ് പാസുകളില്‍ ഇമിഗ്രേഷന്‍ വിഭാഗം സീല്‍ പതിപ്പിക്കുന്ന രീതി പൂര്‍ണമായി നിര്‍ലാക്കുന്നു. വിമാനത്താവളങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ക്യൂവും അനാവശ്യ താമസം മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ഇതോടെ പഴങ്കഥയാകും.

വിമാനത്താവള നടപടികള്‍ ഡിജിറ്റലാക്കി യാത്ര സുഗമമാക്കുന്ന ഈ നീക്കം ലക്ഷക്കണക്കിന് പ്രവാസി സഹോദരങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. മാസങ്ങളുടെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി തിരികെ മടങ്ങുമ്പോള്‍ വിമാനത്താവളങ്ങളില്‍ അനുഭവിക്കേണ്ടി വന്നിരുന്ന ദുരിതങ്ങള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ ചരിത്ര തീരുമാനം വഴി അവസാനമാകുന്നത്. ഇനി മുതല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളിലുള്ള ഇ-ബോര്‍ഡിങ് പാസ് കാണിച്ച് വളരെ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. പേപ്പര്‍ ബോര്‍ഡിങ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് അതിനും അവസരമുണ്ടെങ്കിലും അതിലും ഇനി സീലിങിന്റെ ആവശ്യമില്ല.

ബോര്‍ഡിങ് പാസുകളില്‍ അശാസ്ത്രീയമായി സീല്‍ പതിപ്പിക്കുന്നത് കാരണം വിവരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കാതെ വരികയും ഇത് മൂലം പ്രവാസികള്‍ അനാവശ്യമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്കും ഇതോടെ ശാശ്വത പരിഹാരമാകും. മുന്‍പ് സിഐഎസ്എഫ് സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷമുള്ള സീലിങ് ഒഴിവാക്കിയിരുന്നെങ്കിലും ഇമിഗ്രേഷന്‍ സീലിങ് പ്രവാസികള്‍ക്ക് എന്നും വലിയ ബാധ്യതയായിരുന്നു. യാത്രാ സമയം വെട്ടിച്ചുരുക്കി യാത്രക്കാരെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തില്‍ യാത്രയാക്കാന്‍ ഈ മാറ്റം സഹായിക്കും.

ഇതിനുപുറമേ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടില്‍ പതിക്കുന്ന എന്‍ട്രി, എക്‌സിറ്റ് ഇമിഗ്രേഷന്‍ സ്റ്റാമ്പുകളും പൂര്‍ണമായി ഒഴിവാക്കാനുള്ള പൈലറ്റ് പ്രോജക്റ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രവാസികളുടെ യാത്ര കൂടുതല്‍ എളുപ്പവും മാന്യവുമാക്കാന്‍ ഈ പുതിയ പരിഷ്‌കാരങ്ങള്‍ വഴിയൊരുക്കും.

Related Articles

Back to top button