വിസ തട്ടിപ്പും വേതനക്കൊള്ളയും: Barton Care ന് വിലക്ക്; മലയാളി ഉടമകളുടെ ലൈസൻസ് റദ്ദാക്കാൻ സാധ്യത

മെൽബൺ: ഗുരുതരമായ തൊഴിൽ ചൂഷണ ആരോപണങ്ങളെ തുടർന്ന്, മലയാളികളുടെ ഉടമസ്ഥതയിലുള്ള ഏജ്ഡ് കെയർ ലേബർ-ഹയർ കമ്പനിയായ ബാർട്ടൺ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ (Barton Care Pty Ltd) ലൈസൻസ് വിക്ടോറിയയിലെ ലേബർ ഹയർ അതോറിറ്റി (LHA) മരവിപ്പിച്ചു.
തൃശൂർ സ്വദേശി ഷെജോ വർഗീസ്, പത്തനംതിട്ട സ്വദേശി രാജ് ജനാർദ്ദന കുറുപ്പ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
ഓഗസ്റ്റ് 28 മുതൽ 90 ദിവസത്തേക്കാണ് മറ്റ് സ്ഥാപനങ്ങൾക്ക് ജീവനക്കാരെ നൽകുന്നതിൽ നിന്നും കമ്പനിയെ വിലക്കിയിരിക്കുന്നത്. കൂടാതെ, കമ്പനിയുടെ ലൈസൻസ് പൂർണ്ണമായും റദ്ദാക്കാനും എൽ.എച്ച്.എ തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ വിശദീകരണം നൽകാൻ ഉടമകൾക്ക് 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
യോഗ്യതയില്ലാത്ത മാനേജ്മെന്റും നിർബന്ധിത ജോലിയും
നഴ്സിംഗ് മേഖലയെക്കുറിച്ചോ ക്ലിനിക്കൽ റോളുകളെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത ആൻസ് റിയ (Anns Riya) എന്ന വ്യക്തിയായിരുന്നു കമ്പനിയിൽ പ്രധാനമായും ജീവനക്കാർക്ക് ഷിഫ്റ്റുകൾ നൽകിയിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന ഇവർ, നിയമവിരുദ്ധമായി അധിക ഷിഫ്റ്റുകൾ (overtime) ചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചിരുന്നതായും പറയപ്പെടുന്നു.
എൽ.എച്ച്.എ ഉന്നയിക്കുന്ന മറ്റ് പ്രധാന ആരോപണങ്ങൾ
– ജീവനക്കാർക്ക് അർഹമായതിലും കുറഞ്ഞ വേതനം നൽകി.
– അമിതമായി ജോലി ചെയ്യിപ്പിച്ചത് മറച്ചുവെക്കാൻ പേ-സ്ലിപ്പുകളിൽ തിരിമറി നടത്തി.
– വിദ്യാർത്ഥി വിസയിലുള്ളവരെ അനുവദനീയമായതിലും കൂടുതൽ സമയം ജോലി ചെയ്യാൻ പ്രേരിപ്പിച്ചു.
– അധികൃതർ (ASQA) റദ്ദാക്കിയ ‘സർട്ടിഫിക്കറ്റ് III’ യോഗ്യതയുള്ള നിരവധി പേരെ ഏജ്ഡ് കെയറുകളിൽ നിയമിച്ചു.
– ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല.
തകർന്ന വിശ്വാസ്യത
നിയമനടപടികളെ നേരിട്ട് ലൈസൻസ് തിരികെ ലഭിച്ചാൽ പോലും ഈ ഗുരുതര ആരോപണങ്ങൾ കമ്പനിയുടെ ഭാവിയെ പ്രതിസന്ധിയിലാക്കും. അന്തേവാസികളുടെ സുരക്ഷയും ജീവനക്കാരുടെ യോഗ്യതയും സംശയത്തിലായ സാഹചര്യത്തിൽ, ഏജ്ഡ് കെയർ സ്ഥാപനങ്ങൾ തുടർന്നും ബാർട്ടൺ കെയറുമായി സഹകരിക്കാൻ സാധ്യത കുറവാണ്.
ജീവനക്കാർക്കുള്ള നിർദ്ദേശം
കുറഞ്ഞ വേതനം ലഭിച്ചവരോ അമിത സമയം ജോലി ചെയ്യേണ്ടി വന്നവരോ ആയ ജീവനക്കാർ തൊഴിലിടങ്ങളിലെ ചൂഷണത്തിന് ഇരയായിട്ടുണ്ടാകാമെന്ന് എൽ.എച്ച്.എ വ്യക്തമാക്കി. ഇവർക്ക് സ്വതന്ത്ര സഹായത്തിനായി മൈഗ്രൻ്റ് വർക്കേഴ്സ് സെന്ററുമായി (Migrant Workers Centre) ബന്ധപ്പെടാവുന്നതാണ്.



