മെൽബണിൽ സിഖ് യുവാവിന് നേരെ വംശീയ ആക്രമണം; അക്രമികൾ മൂക്ക് തകർത്തു

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ കോറിയോ (Corio) സബർബിലുള്ള ജിമ്മിൽ ഇന്ത്യൻ വംശജനായ 22-കാരൻ സിഖ് നഴ്സിന് നേരെ ക്രൂരമായ വംശീയ ആക്രമണം. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഹർമൻപ്രീത് സിങ് എന്ന യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു.

രാത്രി 11 മണിയോടെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ എത്തിയ മൂന്നംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെ ഹർമൻപ്രീതിനെതിരെ അധിക്ഷേപ വാക്കുകൾ ചൊരിയുകയായിരുന്നു. തുടർന്ന് ഇയാൾ ജിമ്മിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ സംഘം പുറത്തു കാത്തുനിന്ന് തടഞ്ഞുനിർത്തി. “ഇന്ത്യൻ പട്ടി” (Indian dog) എന്ന് വിളിച്ചാക്ഷേപിക്കുകയും “വന്ന വഴിയേ തിരിച്ചുപൊയ്ക്കോ” എന്ന് ആക്രോശിക്കുകയും ചെയ്ത ശേഷം അക്രമികളിലൊരാൾ ഹർമൻപ്രീതിന്റെ മൂക്കിൽ സ്വന്തം തലകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു

ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയ നിലയിൽ യുവാവിനെ കണ്ട നാട്ടുകാരാണ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് വിവരം. തനിക്ക് മുൻപൊരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ കടുത്ത മാനസികാഘാതത്തിലാണ് താനെന്നും ഹർമൻപ്രീത് മാധ്യമങ്ങളോട് പ്രതികരിച്ചു. വംശീയ അധിക്ഷേപങ്ങൾ സാധാരണമായി മാറിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള കായികമായ ആക്രമണം തന്നെ ഭയപ്പെടുത്തുന്നുവെന്നും ഇനി ജിമ്മിൽ പോകാൻ സുരക്ഷിതത്വം തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ അടുത്ത കാലത്തായി സിഖ് സമൂഹത്തിനും ഹിന്ദു ക്ഷേത്രങ്ങൾക്കും നേരെ ഇത്തരം വംശീയ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. മെൽബണിലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

Related Articles

Back to top button