കുട്ടികളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സുരക്ഷാ വീഴ്ച്ച; എക്സിന് പിഴയിട്ട് ഓസ്‌ട്രേലിയ

കാന്‍ബറ: കുട്ടികളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സമൂഹ മാധ്യമമായ എക്‌സിന് (മുന്‍പ് ട്വിറ്റര്‍) വന്‍ തുക പിഴയിട്ട് ഓസ്ട്രേലിയന്‍ റെഗുലേറ്ററി അതോറിറ്റിയായ ഇ-സേഫ്റ്റി കമ്മീഷന്‍.

എക്‌സ് പ്ലാറ്റ്‌ഫോമിലെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് കൃത്യമായി പ്രതികരിക്കാത്തതിനാണ് എക്സിന് 610,500 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തിയത്.

ഇ-സേഫ്റ്റി കമ്മീഷണറായ ജൂലി ഇന്‍മാന്‍ ഗ്രാന്റ് പുറപ്പെടുവിച്ച ഉത്തരവു പ്രകാരമുള്ള പിഴ അടയ്ക്കാന്‍ എക്സിന് 28 ദിവസമുണ്ട്.

അല്ലെങ്കില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എക്സ്, ഗൂഗിള്‍, ടിക് ടോക്ക്, ട്വിച്ച്, ഡിസ്‌കോര്‍ഡ് എന്നിവയ്ക്ക് ഇ-സേഫ്റ്റി കമ്മീഷന്‍ ഫെബ്രുവരിയില്‍ നോട്ടീസ് നല്‍കിയിരുന്നു.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിലും നീക്കംചെയ്യുന്നതിലും തടയുന്നതിലും പല സമൂഹ മാധ്യമങ്ങളും പരാജയപ്പെടുന്നതായി കമ്മീഷണര്‍ കണ്ടെത്തി.

കമ്മിഷന്റെ നോട്ടീസിലെ ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് ഗൂഗിള്‍ പൊതുവായ പ്രതികരണങ്ങളാണ് നല്‍കിയത്. അതേസമയം എക്സ് ചില ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരവും നല്‍കയിട്ടില്ല.

‘സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോയെന്ന് താന്‍ ആശ്ചര്യപ്പെട്ടതായി കമ്മീഷണറായ ജൂലി ഇന്‍മാന്‍ ‘ഗാര്‍ഡിയനോട് പറഞ്ഞു.

‘കൂടുതല്‍ കാര്യക്ഷമവും ഉത്തരവാദിത്തവുമുള്ള സംവിധാനങ്ങളും വിഭവങ്ങളും ഉണ്ടായിരിക്കേണ്ട ചില കമ്പനികള്‍ക്ക് ആ വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധതയോ പ്രാപ്തിയോ ഇല്ലാത്തതില്‍ താന്‍ ആശ്ചര്യപ്പെട്ടു’ അവര്‍ പറഞ്ഞു.

കുട്ടികളെ സംരക്ഷിക്കുക എന്നത് ഗൂഗിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണെന്ന് ഗൂഗിളിന്റെ ഓസ്ട്രേലിയയിലെ പബ്ലിക് പോളിസി ആന്‍ഡ് ഗവണ്‍മെന്റ് അഫയേഴ്സ് ഡയറക്ടര്‍ ലൂസിന്‍ഡ ലോംഗ്ക്രോഫ്റ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കമ്പനി വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ തന്റെ പ്രഥമ പരിഗണനയെന്ന് ഉടമ ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ മസ്‌ക് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ അതിന്റെ തൊഴിലാളികളെ 80% വെട്ടിക്കുറച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം കണ്ടെത്തുന്നത് 90 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറഞ്ഞു.

നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് ആദ്യം 35 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ സമയം നീട്ടി ചോദിച്ചതിന്റെ ഫലമായി നടപടികള്‍ ഏഴു മാസം നീണ്ടു.

ഇലോണ്‍ മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോം വാങ്ങിയതിനുശേഷം ഓസ്ട്രേലിയന്‍ ഓഫീസ് അടച്ചുപൂട്ടിയിരുന്നു. അതിനാല്‍ കമ്പനിയുടെ പ്രതികരണം ലഭിച്ചിട്ടില്ല.

Back to top button