സൂപ്പർമാർക്കറ്റുകളിൽ സോഫ്റ്റ് പ്ലാസ്റ്റിക് റീസൈക്ലിംഗ് ബിന്നുകൾ തിരിച്ചെത്തുന്നു

സിഡ്‌നി: റെഡ്‌സൈക്കിൾ (REDcycle) പദ്ധതി തകർന്നതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന സോഫ്റ്റ് പ്ലാസ്റ്റിക് റീസൈക്ലിംഗ് സംവിധാനം ഓസ്‌ട്രേലിയയിലുടനീളമുള്ള പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ പുനരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയകരമായതിനെത്തുടർന്ന് വൂൾവർത്ത്‌സ് (Woolworths), കോൾസ് (Coles), ആൽഡി (Aldi) എന്നീ സ്ഥാപനങ്ങളാണ് പുതിയ ദേശീയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നാല് വർഷം മുൻപ് റെഡ്‌സൈക്കിൾ പദ്ധതി തകർന്നതോടെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വെയർഹൗസുകളിൽ കുന്നുകൂടിയിരുന്നത്. എന്നാൽ ഈ മാലിന്യ മലകൾ അടുത്ത മാസം അവസാനത്തോടെ പൂർണ്ണമായും നീക്കം ചെയ്യാനാകുമെന്ന് ഇൻഡസ്ട്രി ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. വൂൾവർത്ത്‌സിന്റെ എഴുന്നൂറോളം സ്റ്റോറുകളിൽ ഇതിനോടകം റീസൈക്ലിംഗ് ബിന്നുകൾ സ്ഥാപിച്ചു കഴിഞ്ഞു.

വീടുകളിലെ സാധാരണ റീസൈക്ലിംഗ് ബിന്നുകളിൽ നിക്ഷേപിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കവറുകൾ, പാക്കേജിംഗ് സാമഗ്രികൾ എന്നിവയാണ് ഈ ബിന്നുകളിൽ സ്വീകരിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിട നിർമ്മാണ സാമഗ്രികളായും ഭക്ഷണ പദാർത്ഥങ്ങൾ പൊതിയാനുള്ള പാക്കേജിംഗ് കവറുകളായും പുനരുൽപ്പാദിപ്പിക്കുമെന്ന് സോഫ്റ്റ് പ്ലാസ്റ്റിക് സ്റ്റുവാർഡ്ഷിപ്പ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ബാരി കോസിയർ പറഞ്ഞു.

ബെഞ്ചുകൾ, വാൾ പാനലുകൾ, മിഠായികൾക്കും ബ്രഡിനും ആവശ്യമായ കവറുകൾ എന്നിവ നിർമ്മിക്കാനാണ് പ്രധാനമായും ഈ പ്ലാസ്റ്റിക് ഉപയോഗിക്കുക. ഏതൊക്കെ പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യാമെന്നും അവ എവിടെ നൽകണമെന്നും അറിയാൻ ‘റീസൈക്കിൾ മേറ്റ്’ (Recycle Mate) വെബ്‌സൈറ്റോ ആപ്പോ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫലപ്രദമായി പുനരുൽപ്പാദിപ്പിക്കാനുള്ള ഈ നീക്കം വലിയൊരു ചുവടുവെപ്പാണെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് റീസൈക്ലിംഗ് വ്യക്തമാക്കി.

Related Articles

Back to top button