കുർബാനയ്ക്കിടെ കുരിശ് വീണ് വൈദികന് ദാരുണാന്ത്യം

(ഇക്വഡോർ: തെക്കുപടിഞ്ഞാറൻ ഇക്വഡോറിൽ സായാഹ്ന വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ ബലിപീഠത്തിന് പിന്നിലെ വലിയ തടി കുരിശ് തലയിൽ വീണ് വൈദികൻ കൊല്ലപ്പെട്ടു.
ക്വിറ്റോയ്ക്ക് 265 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള തീരദേശ നഗരമായ ഗ്വായാക്വിലിലെ പെർപെറ്റുവോ സൊക്കോറോ പള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. ഫാദർ പാട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മോളിനാരിയാണ് മരിച്ചതെന്ന് ഗ്വായാക്വിൽ അതിരൂപത സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്തുകൊണ്ടിരുന്ന ശനിയാഴ്ച രാത്രിയിലെ കുർബാനയ്ക്കിടെയായിരുന്നു അപകടം. ബലിപീഠത്തിന് പിന്നിലെ ഭിത്തിയിൽ നിന്ന് വലിയൊരു തടി കുരിശ് പെട്ടെന്ന് വേർപെട്ട് താഴേക്ക് വീഴുകയും കുർബാന അർപ്പിക്കുകയായിരുന്ന ഫാദർ മോളിനാരിയുടെ തലയിൽ ശക്തമായി അടിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായി കുരിശ് വീണ് ബലിപീഠത്തിന് പിന്നിലേക്ക് മറയുന്നത് വരെയും ഫാദർ മോളിനാരി സംഭവം അറിഞ്ഞിരുന്നില്ല.
അപകടം നടന്ന ശേഷവും തത്സമയ സംപ്രേക്ഷണം തുടർന്നുകൊണ്ടിരുന്നു. “അച്ചാ, അച്ചാ… ആംബുലൻസ് വിളിക്കൂ” എന്ന് അവിടെയുണ്ടായിരുന്ന വിശ്വാസികൾ നിലവിളിക്കുന്നതും സഹായത്തിനായി അഭ്യർത്ഥിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഫാദർ മോളിനാരി മരിച്ചതായി ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഔദ്യോഗിക കുറിപ്പിലൂടെ അതിരൂപത അറിയിച്ചു.
“വികാരിയ സെൻട്രോയിലെ പെർപെറ്റുവോ സൊക്കോറോ പള്ളിയിൽ വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന നമ്മുടെ പ്രിയങ്കരനായ ഫാദർ പാട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മോളിനാരി വിടവാങ്ങിയെന്നും, അവിടുത്തെ സാന്നിധ്യവും മഹത്വവും ആസ്വദിക്കാനായി പിതാവിന്റെ ഭവനത്തിലാണെന്നും ഞങ്ങൾ അറിയിക്കുന്നു,” എന്ന് അതിരൂപത വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിശ്വാസികളും അവിശ്വാസികളും തമ്മിൽ വലിയ തോതിലുള്ള വാഗ്വാദങ്ങളും ചർച്ചകളുമാണ് ഇന്റർനെറ്റിൽ നടക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒന്നടങ്കം ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ് ഈ ദാരുണ സംഭവം.



