ആൽബനിയിൽ ഓർമ അസോസിയേഷൻ ഉദ്ഘാടനം സംഘടിപ്പിച്ചു

ആൽബനി: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിലെ മലയാളി സമൂഹത്തിന്റെ പുതിയ കൂട്ടായ്മയായ ORMA – Organisation of Resident Malayalees Albany Inc. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 12ന് നടന്ന ചടങ്ങിൽ ആൽബനി നിയോജകമണ്ഡലം എംഎൽഎ സ്കോട്ട് ലിയറി ORMA ഇൻകോർപ്പറേഷന്റെ സർട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ORMA പ്രസിഡന്റ് അഡ്വ. സുരേഷ് ബാലകൃഷ്ണൻ, സെക്രട്ടറി ചിക്കു പോൾ, ട്രഷറർ ജോബിൻ ജോൺ എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളും ആൽബനിയിലെ നിരവധി മലയാളി കുടുംബങ്ങളും തദ്ദേശീയരും ചടങ്ങിൽ പങ്കെടുത്തു.
ആൽബനിയിലും ഗ്രേറ്റ് സതേൺ മേഖലയിലും താമസിക്കുന്ന മലയാളികളെ ഒരുമിപ്പിക്കുകയും കേരളത്തിന്റെ ഭാഷ, സംസ്കാരം, കല, പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുകയും സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ORMA പ്രവർത്തനം ആരംഭിച്ചത്.
ORMAയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനു പിന്നാലെ ഓണമഹോത്സവം 2026 സംഘടിപ്പിച്ചു. ആൽബനി സിറ്റി ഡെപ്യൂട്ടി മേയർ കൗൺസിലർ പോൾ ടെറി നിലവിളക്ക് തെളിച്ച് ഓണമഹോത്സവം ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ തനത് പാരമ്പര്യങ്ങളും കലാരൂപങ്ങളും ഭക്ഷണവിഭവങ്ങളും വിനോദങ്ങളും ഒത്തുചേർന്ന പരിപാടിയിൽ വിവിധ സാംസ്കാരിക അവതരണങ്ങൾ, കലാപരിപാടികൾ, മത്സരങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദപരിപാടികൾ എന്നിവ അരങ്ങേറി. ഓണത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.
ആൽബനിയിലെ മലയാളി സമൂഹത്തെ വിശാലമായ പ്രാദേശിക സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനും വിവിധ സാംസ്കാരിക വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ഓണമഹോത്സവം മാറി.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഇവന്റ് കോർഡിനേറ്റർ ജോബിറ്റ് ജോസ്, ഫിനാൻസ് കോർഡിനേറ്റർ ജോബിൻ ജോൺ, കൾച്ചറൽ പ്രോഗ്രാം ആൻഡ് ഗെയിംസ് കോർഡിനേറ്റർമാരായ ആജി ജോസ്, ബിൻസി ജിനീഷ് , ജിസി എബ്രഹാം, അമൽ ജോർജ്, ഡെക്കറേഷൻ കോർഡിനേറ്റർ സുനിൽ സുധൻ, വിഷ്വൽ ആൻഡ് ഓഡിയോ കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർമാരായ ജിബിൻ ജോസഫ്, റെൽബിൻ ജോർജ്, ക്ലീനിംഗ് കോർഡിനേറ്റർമാരായ സോണി സൈമൺ, ഹർഷ ഹബി, പർച്ചേസിംഗ് കോർഡിനേറ്റർമാരായ മനീഷ് ജോസ്, അരുൺ മാത്യു, ഫോട്ടോഗ്രാഫർ ജോബിൻ എബ്രഹാം എന്നിവരെയും സംഘാടകർ നന്ദിയോടെ അനുസ്മരിച്ചു.
പരിപാടിക്ക് സിറ്റി ഓഫ് ആൽബനി, Wyatt Balak Lawyers, Lincolns Accountants, Coffey Electricals Great Southern, First National Bairstow Kerr, The Western Financial Services, Fiora Health Care എന്നിവരടക്കമുള്ള സ്പോൺസർമാരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണ ലഭിച്ചു.
ആൽബനിയിലും ഗ്രേറ്റ് സതേൺ മേഖലയിലും മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ് ORMAയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.



