സിഡ്നി മെഗാ മ്യൂസിക് നൈറ്റിൽ ശ്രേയ ഘോഷാലിനൊപ്പം വേദി പങ്കിട്ട് മലയാളി യുവതി

സിഡ്നി: പതിനായിരക്കണക്കിന് സംഗീതപ്രേമികൾ ഒഴുകിയെത്തിയ സിഡ്നിയിലെ മെഗാ മ്യൂസിക് നൈറ്റിൽ മലയാളികൾക്കാകെ അഭിമാനമായി ഒരു അദ്ഭുത നിമിഷം. ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ശ്രേയ ഘോഷാലിന്റെ ലൈവ് കൺസേർട്ടിനിടയിൽ, പതിനായിരങ്ങളെ സാക്ഷി നിർത്തി വേദി പങ്കിട്ട് കയ്യടി നേടിയിരിക്കുകയാണ് മേഘ അലക്സ് എന്ന മലയാളി യുവതി.

കാൻബറയിൽ താമസിക്കുന്ന മേഘ വെറുമൊരു കാണിയായാണ് സിഡ്നിയിൽ നടന്ന പരിപാടിക്ക് എത്തിയത്. എന്നാൽ കൺസേർട്ടിനിടയിൽ അപ്രതീക്ഷിതമായി മേഘയെ ശ്രേയ ഘോഷാൽ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഒട്ടും ഭയമില്ലാതെ, നിറഞ്ഞ ആത്മവിശ്വാസത്തോടെ മൈക്ക് കയ്യിലെടുത്ത മേഘയുടെ മനോഹരമായ ആലാപനം കണ്ട് സാക്ഷാൽ ശ്രേയ ഘോഷാൽ പോലും അത്ഭുതപ്പെട്ടുപോയി.

നിറഞ്ഞ സദസ്സിൽ നിന്ന് വൻ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളും കയ്യടികളുമാണ് ഈ പ്രകടനത്തിന് മേഘയ്ക്ക് ലഭിച്ചത്. ഒരു വലിയ കലാകാരിക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് മേഘ പറഞ്ഞു.

പഠനത്തിലും കരിയറിലും ഒരുപോലെ തിളങ്ങുന്ന മൾട്ടി-ടാലന്റഡ് പ്രതിഭയാണ് മേഘ. നിലവിൽ ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസ് ബിരുദ വിദ്യാർത്ഥിനിയാണ്. പ്രവാസലോകത്ത് ജനിച്ചു വളരുന്ന പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാകുന്നതാണ് മേഘയുടെ ഈ നേട്ടം.

കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ലോകത്തിന്റെ ഏത് വലിയ വേദിയിലും മലയാളിക്കൊടി പാറിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനമായി മാറിയ മേഘയ്ക്ക് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button