ഓസ്‌ട്രേലിയൻ കുടിയേറ്റം: വിസയ്ക്ക് ഇനി ചിലവേറും

കാൻബെറ: ഓസ്‌ട്രേലിയൻ കുടിയേറ്റ സംവിധാനത്തിൽ ജൂലൈ ഒന്ന് മുതൽ വലിയ മാറ്റങ്ങൾ നിലവിൽ വന്നു. ഹോം അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം മിക്ക വിസ വിഭാഗങ്ങളിലും കുത്തനെ വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സാധാരണയായി മൂന്ന് മുതൽ നാല് ശതമാനം വരെ മാത്രം ഉണ്ടാകാറുള്ള വാർഷിക വർദ്ധനവിന് പകരം, പ്രധാന വിസ വിഭാഗങ്ങളിലെല്ലാം 25 ശതമാനം നിരക്ക് വർദ്ധനവാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ചില വിഭാഗങ്ങളിൽ ഫീസ് മൂന്നിരട്ടി വരെ ഉയർന്നു.

പാർട്ണർ വിസ (സബ്‌ക്ലാസ് 820, 801, 309, 100) നിരക്ക് 9,365 ഡോളറിൽ നിന്ന് 11,710 ഡോളറായി ഉയർന്നു. ലോകത്തിലെ ഏറ്റവും ചിലവേറിയ വിസകളിൽ ഒന്നായി ഇത് മാറി. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള സബ്‌ക്ലാസ് 500 സ്റ്റുഡന്റ് വിസയുടെ അടിസ്ഥാന ഫീസ് 2,500 ഡോളറായി നിശ്ചയിച്ചു.

ടെമ്പററി ഗ്രാജ്വേറ്റ് സബ്‌ക്ലാസ് 485 വിസയുടെ ഫീസ് 25 ശതമാനം വർധിച്ച് 5,750 ഡോളറായി. ഏറെ പ്രചാരമുള്ള വർക്കിംഗ് ഹോളിഡേ, വർക്ക് ആൻഡ് ഹോളിഡേ വിസകളുടെ (സബ്‌ക്ലാസ് 417, 462) നിരക്ക് ഏകദേശം 50 ശതമാനം വർധിച്ച് 1,000 ഡോളറിലെത്തി.

നൈപുണ്യമുള്ള തൊഴിലാളികൾക്കായുള്ള കുടിയേറ്റത്തിലും സമാനമായ 25 ശതമാനം വർദ്ധനവുണ്ടായി. പെർമനന്റ് സ്‌കിൽഡ് ഇൻഡിപെൻഡന്റ് സബ്‌ക്ലാസ് 189, സ്‌കിൽഡ് നോമിനേറ്റഡ് സബ്‌ക്ലാസ് 190, റീജിയണൽ സബ്‌ക്ലാസ് 491 വിസകളുടെ നിരക്ക് 4,910 ഡോളറിൽ നിന്ന് ഏകദേശം 6,140 ഡോളറായി ഉയർന്നു.

എംപ്ലോയർ നോമിനേഷൻ സ്‌കീം സബ്‌ക്ലാസ് 186 വിസയുടെ നിരക്കും ഇതേ നിലവാരത്തിലെത്തി. ഇതിനൊപ്പം സ്‌പോൺസർ ചെയ്യുന്ന തൊഴിലാളികൾക്കുള്ള മിനിമം വരുമാന പരിധിയും (TSMIT/CSIT) 76,515 ഡോളറിൽ നിന്ന് 79,423 ഡോളറായി വർധിപ്പിച്ചു. സ്പെഷ്യലിസ്റ്റ് സ്കിൽസ് ഇൻകം ത്രെഷോൾഡ് 146,576 ഡോളറായും ഉയർത്തി.

ബ്രിഡ്ജിംഗ് വിസ ബി (Bridging Visa B) നിരക്ക് 190 ഡോളറിൽ നിന്ന് 575 ഡോളറായി ഉയർന്നു. ന്യൂസിലാൻഡ് സിറ്റിസൺ ഫാമിലി റിലേഷൻഷിപ്പ് സബ്‌ക്ലാസ് 461 വിസ 445 ഡോളറിൽ നിന്ന് 1,330 ഡോളറായും, റെസിഡന്റ് റിട്ടേൺ വിസ (സബ്‌ക്ലാസ് 155, 157) 475 ഡോളറിൽ നിന്ന് 1,475 ഡോളറായും വർദ്ധിപ്പിച്ചു.

വിസ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകുന്നതിനായുള്ള അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രൈബ്യൂണൽ ഫീസ് 3,727 ഡോളറായും ഉയർത്തിയിട്ടുണ്ട്. കുടിയേറ്റ പരിപാടിയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഫീസുകളിൽ വലിയ മാറ്റം വരുത്തിയതെന്ന് അധികൃതർ വിശദീകരിക്കുന്നു.

Related Articles

Back to top button