വിഎഫ്എസ് ഗ്ലോബൽ വഴിയുള്ള ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ നിർത്തിവെച്ചു

കാൻബറ: ഓസ്‌ട്രേലിയയിൽ വിഎഫ്എസ് ഗ്ലോബൽ കൈകാര്യം ചെയ്തുവരുന്ന മുഴുവൻ ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങളും 2026 ജൂലൈ ഒന്ന് ബുധനാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയവുമായി കമ്പനിക്കുള്ള കരാർ പുതുക്കുന്നതിലെ നിയമപരമായ തടസങ്ങളും അനിശ്ചിതത്വവുമാണ് സേവനങ്ങൾ പെട്ടെന്ന് തടസപ്പെടാൻ കാരണം.

ഓസ്‌ട്രേലിയയിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിഎഫ്എസ് ഗ്ലോബലിന്റെ കരാർ 2026 ജൂൺ 30 ന് അവസാനിച്ചിരുന്നു. തുടർന്ന് കരാർ പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ഒരു കോടതി ഉത്തരവ് കരാർ നടപ്പാക്കുന്നതിനെ ബാധിച്ചതായി റിപ്പോർട്ടുകളിലുള്ളത്. ഇതിനെത്തുടർന്നാണ് സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചത്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കോൺസുലേറ്റുകളും വേണ്ടി നടത്തിയ പുതിയ ടെൻഡർ നടപടികളിൽ കഴിഞ്ഞ ഏപ്രിലിൽ വിഎഫ്എസ് ഗ്ലോബലിനെ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ബിഡ്ഡർ ആയി തിരഞ്ഞെടുത്തിരുന്നു. എന്നാൽ കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിയമപരമായ തടസങ്ങൾ ഉണ്ടായതോടെയാണ് നിലവിലെ പ്രതിസന്ധി രൂപപ്പെട്ടത്.

ഈ തീരുമാനം ഓസ്‌ട്രേലിയയിലുടനീളമുള്ള വിഎഫ്എസ് ഗ്ലോബൽ ഇന്ത്യ പാസ്‌പോർട്ട്-വിസ സർവീസ് സെന്ററുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് അപേക്ഷകരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തേ അപ്പോയിന്റ്മെന്റ് എടുത്തവർക്കും നിലവിൽ അപേക്ഷ സമർപ്പിച്ച് നടപടികൾ പൂർത്തിയാകാൻ കാത്തിരിക്കുന്നവർക്കും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും.

അതേസമയം സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ചോ നിലവിൽ സമർപ്പിച്ച അപേക്ഷകളുടെ നടപടിക്രമങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നതിനെക്കുറിച്ചോ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ മിഷനുകളോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Related Articles

Back to top button