കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹില്‍സോംഗ് ചര്‍ച്ചിന്റെ നൃത്തപരിപാടി

കൊവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ വേനല്‍ക്കാല ക്യാംപ് സംഘടിപ്പിച്ച ക്രിസ്ത്യന്‍ മതവിഭാഗമായ ഹില്‍സോംഗ് ചര്‍ച്ചില്‍ നിന്ന് പിഴയീടാക്കില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. മാസ്‌കും, സാമൂഹ്യ അകലം പാലിക്കലുമില്ലാതെ ക്യാംപില്‍ പങ്കെടുത്തവര്‍ പാട്ടുപാടുന്നതിന്‌റെയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
NSWലെ ന്യൂകാസിലില്‍ ഹില്‍സോംഗ് ചര്‍ച്ച് സംഘടിപ്പിച്ച വേനല്‍ക്കാല ക്യാംപിലെ നൃത്തപരിപാടിയാണ് വിവാദമായിരിക്കുന്നത്.
15 മുതല്‍ 17 വയസുവരയെുള്ളവര്‍ക്കായാണ് ഹില്‍സോംഗ് ചര്‍ച്ച് ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിക്കാതെ പാട്ടുപാടുന്നതിന്റെയും, പോപ് സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ചര്‍ച്ചിന്റെ തന്നെ സാമൂഹ്യമാധ്യ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും നൃത്ത-സംഗീത പരിപാടികള്‍ വിലക്കിയിരിക്കുകയാണ്. ഒമിക്രോണ്‍ വൈറസ് ബാധ അതിവേഗം കൂടുന്ന പശ്ചാത്തലത്തിലാണ് ഈ വിലക്ക്.
മതപരമായ ചടങ്ങുകളെ ഈ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഹില്‍സോംഗ് ചര്‍ച്ചിന്റെ നൃത്തപരിപാടി മതപരമായ ചടങ്ങല്ലെന്ന് NSW ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡ് ചൂണ്ടിക്കാട്ടി.
ഉടന്‍ തന്നെ സംഗീത-നൃത്തപരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് NSW ആരോഗ്യവകുപ്പ് ഹില്‍സോംഗ് ചര്‍ച്ചിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
സംഗീത നിശകള്‍ക്ക് സമാനമായ പരിപാടിയാണ് ഹില്‍സോംഗ് ചര്‍ച്ച് സംഘടിപ്പിച്ചത് എന്ന വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
ഈ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തനിക്ക് ഞെട്ടലാണ് ഉണ്ടായതെന്ന് പ്രീമിയര്‍ ഡൊമിനിക് പെരോറ്റെയും പ്രതികരിച്ചു. ഹില്‍സോംഗ് ചര്‍ച്ച് അധികൃതര്‍ ആരോഗ്യനിയമങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പിഴ ഈടാക്കില്ലെന്ന് പൊലീസ്
ഹില്‍സോംഗ് ചര്‍ച്ച് നടത്തിയത് നിയമലംഘനമാണെങ്കിലും പിഴ ഈടാക്കില്ലെന്ന് NSW പൊലീസ് വ്യക്തമാക്കി.
പരിപാടിയുടെ സംഘാടകരുമായി പൊലീസ് സംസാരിക്കുമെന്നും, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഈ പരിപാടി നടത്തിയതില്‍ തെറ്റില്ല എന്ന നിലപാടുമായി ഹില്‍സോംഗ് മേധാവികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
ഇതിനെ സംഗീത നിശകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും, മതപരമായ നിരവധി പരിപാടികളാണ് ഈ ക്യാംപില്‍ നടക്കുന്നതെന്നും ഹില്‍സോംഗ് വക്താവ് അറിയിച്ചു.
ക്യാംപിലെ വളരെ ചെറിയ ഒരു പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ മാത്രമാണ് വിവാദമായിരിക്കുന്നതെന്നും ഹില്‍സോംഗ് അധികൃതര്‍ പറഞ്ഞു.
റാപ്പിഡ് ആന്റിജന്‍ പരിശോധന ഉള്‍്‌പ്പെടെയുള്ള സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് ക്യാംപ് നടക്കുന്നതെന്നും ഹില്‍സോംഗ് വക്താവ് പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന ആരോപണവുമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്.
കടപ്പാട്: SBS മലയാളം



