മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഭരണസമിതി തർക്കം: ജൂലൈ 13 ലെ യോഗവും തെരഞ്ഞെടുപ്പും അസാധുവാക്കി മെൽബൺ കോടതി

മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയിലെ (MAV) ഭരണസമിതി തർക്കത്തിൽ സുപ്രധാന വിധിയുമായി മെൽബൺ മജിസ്‌ട്രേറ്റ് കോടതി. 2025 ജൂലൈ 13-ന് പ്രസിഡന്റ് മദനൻ ചെല്ലപ്പന്റെ നേതൃത്വത്തിൽ ചേർന്ന ജനറൽ ബോഡി യോഗവും അന്നത്തെ തെരഞ്ഞെടുപ്പും ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് മജിസ്‌ട്രേറ്റ് ടി. ഗ്രീൻവേ ഉത്തരവിട്ടു.

2024–2026 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളായ അലൻ കാക്കാത്തോട്ടത്തിൽ എബ്രഹാമും സഹഭാരവാഹികളും സമർപ്പിച്ച ഹർജിയിലാണ് നവംബർ 12-ന് കോടതിയുടെ സുപ്രധാന ഇടപെടൽ. വരിസംഖ്യ കൃത്യസമയത്ത് അടച്ചില്ല എന്ന കാരണത്താൽ മാത്രം ഒരാളുടെ അംഗത്വം സ്വമേധയാ റദ്ദാകില്ലെന്നും, ഹർജിക്കാർ പൂർണ്ണ അംഗങ്ങളായി തുടർന്നിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ഭരണസമിതി അറിയാതെയും കൃത്യമായ നോട്ടീസോ അജണ്ടയോ ഇല്ലാതെയും ചട്ടങ്ങൾ ലംഘിച്ചാണ് ജൂലൈ 13-ലെ യോഗം വിളിച്ചുചേർത്തതെന്ന് കോടതി കണ്ടെത്തി. ഇതനുസരിച്ച് 2025–2027 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച നടപടി റദ്ദാക്കിയ കോടതി, ഭാരവാഹികളായി സ്വയം അവകാശപ്പെടുന്നതിൽ നിന്ന് എതിർകക്ഷികളെ വിലക്കുകയും ഇവരുടെ കൗണ്ടർ ക്ലെയിം തള്ളുകയും ചെയ്തു.

പരസ്പര ധാരണയോടെ കൃത്യമായ വോട്ടർ പട്ടികയും അംഗത്വ രജിസ്റ്ററും തയ്യാറാക്കാൻ ഇരുവിഭാഗത്തോടും കോടതി നിർദ്ദേശിച്ചു. സംഘടനയുടെ തുടർഭരണവും ഭാവി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കക്ഷികൾക്ക് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button