ക്വാണ്ടസ് വിമാനസർവീസ് ഇനി തിരുവനന്തപുരത്തേക്കും

ഇന്ത്യയിൽ നിന്ന് ഓസ്ട്രേിലയയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കൂടിയതിനു പിന്നാലെ, ക്വാണ്ടസ് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചു.

ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുമായി ചേർന്നാണ് കൂടുതൽ നഗരങ്ങളിലേക്ക് ക്വാണ്ടസ് സർവീസ് പ്രഖ്യാപിച്ചത്.

കോഡ് ഷെയറിംഗ് സംവിധാനത്തിലൂടെയാണ് ഈ സർവീസ്. അതായത്, ഒറ്റ ടിക്കറ്റിൽ ഓസ്ട്രേലിയയിൽ നിന്ന് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും.

തിരുവനന്തപുരം ഉൾപ്പെടെ എട്ടു നഗരങ്ങളാണ് പുതിയ പട്ടികയിലുള്ളത്.

സിഡ്നിയിൽ നിന്ന് ബംഗളുരുവിലേക്കും, മെൽബണിൽ നിന്ന് ഡൽഹിയിലേക്കും ക്വാണ്ടസ് വിമാനവും, അവിടെ നിന്ന് മറ്റു നഗരങ്ങളിലേക്ക് ഇൻഡിഗോയുടെ കണക്ഷൻ സർവീസുമാണ് ഉണ്ടാകുക.

ബംഗളുരുവിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾ.

സിഡ്നിയിൽ നിന്ന് 18 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തേക്കും 15.30 മണിക്കൂർ കൊണ്ട് തിരിച്ചും എത്താൻ കഴിയുന്ന തരത്തിലാണ് കോഡ്ഷെയർ സംവിധാനം.

ആവശ്യക്കാർ ഏറെയെന്ന് ക്വാണ്ടസ്

കഴിഞ്ഞ സെപ്റ്റംബറിലാണ് ക്വാണ്ടസ് ഇന്ത്യയിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങിയത്.

മെൽബണിൽ നിന്ന് ഡൽഹിയിലേക്കും, സിഡ്നിയിൽ നിന്ന് ബംഗളുരുവിലേക്കും ആഴ്ചയിൽ നാലു തവണയാണ് റിട്ടേൺ സർവീസ് നടത്തുന്നത്.

ഇതോടൊപ്പം 11 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി ഇൻഡിഗോയുമായി ചേർന്ന് സർവീസ് തുടങ്ങിയിരുന്നു.

കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കായിരുന്നു ഇത്.

ക്വാണ്ടസ് വിമാനത്തിലേതിനു തുല്യമായ ബാഗേജ് അലവൻസും, ഭക്ഷണവും കണക്ഷൻ ഫ്ലൈറ്റിലും ലഭിക്കും എന്നതാണ് കോഡ് ഷെയർ സേവനത്തിന്റെ ഏറ്റവും വലിയ മെച്ചം.

ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് ആവശ്യക്കാർ ഏറെയാണെന്നും, അതിനാലാണ് പുതിയ സർവീസുകൾ കൂടി പ്രഖ്യാപിക്കുന്നതെന്നും ക്വാണ്ടസിന്റെ ചീഫ് കസ്റ്റമർ ഓഫീസർ മാർക്കസ് സ്വെൻസൻ പറഞ്ഞു.

ക്വാണ്ടസ് പുതുതായി കോഡ് ഷെയർ സർവീസ് നടത്തുന്ന നഗരങ്ങൾ ഇവയാണ്:

  • തിരുവനന്തപുരം
  • ഗോഹട്ടി
  • ഇൻഡോർ
  • ചണ്ടിഗഡ്
  • മംഗലാപുരം
  • ജയ്പ്പൂർ
  • നാഗ്പൂർ
  • വിശാഖപട്ടണം

നിലവിൽ കൊച്ചിക്ക് പുറമേ, അഹമ്മദാബാദ്, അമൃത്സർ, ചെന്നൈ, ഗോവ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ലക്നൗ, പാറ്റ്ന, പൂനെ എന്നീ നഗരങ്ങളിലേക്കും സർവീസുണ്ട്.

2030 ഓടെ ഇന്ത്യയിൽ നിന്ന് വർഷം പത്തു ലക്ഷം സന്ദർശകർ ഓസ്ട്രേലിയയിലേക്ക് എത്തുമെന്നാണ് ടൂറിസം ഓസ്ട്രേലിയയുടെ പ്രതീക്ഷ.

ഇതോടെ, ഓസ്ട്രേലിയയിലേക്ക് ഏറ്റവുമധികം വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ രാജ്യമാകും ഇന്ത്യ.

ഇതുകൂടി മുന്നിൽക്കണ്ടാണ് ക്വാണ്ടസ് സർവീസുകൾ വിപുലമാക്കുന്നത്.

Related Articles

Back to top button