ദീപാവലി ആധുനിക ഓസ്‌ട്രേലിയയുടെ അവിഭാജ്യ ഘടകം: ആന്റണി ആൽബനീസ്

കാൻബറ: ദീപാവലി ആഘോഷങ്ങൾ ഇന്ന് ആധുനിക ഓസ്‌ട്രേലിയയുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സാംസ്കാരിക വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ സമൂഹം വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഹിന്ദു, ജൈന, സിഖ്, ബുദ്ധ മതവിഭാഗങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വെളിച്ചത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ് ദീപാവലിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

തിന്മയ്ക്ക് മേൽ നന്മയുടെയും, അജ്ഞതയ്ക്ക് മേൽ വിജ്ഞാനത്തിന്റെയും, അസത്യത്തിന് മേൽ സത്യത്തിന്റെയും വിജയമാണ് ഈ ദിനം വിളംബരം ചെയ്യുന്നത്. പരസ്പര സ്നേഹവും സഹിഷ്ണുതയും മുൻനിർത്തിയുള്ള ഈ ആഘോഷം ഓസ്‌ട്രേലിയയുടെ ബഹുസ്വര സംസ്കാരത്തിന് കൂടുതൽ കരുത്തുപകരുന്നതാണെന്നും ആന്റണി ആൽബനീസ് തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Related Articles

Back to top button