ആൽബനിൽ മാവേലിയും കായിക മത്സരങ്ങളും ഓണസദ്യയും ആവേശമായി

ആൽബനി: നാടിന്റെ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിലും നെഞ്ചിലേറ്റിക്കൊണ്ട് ആൽബനി മലയാളി അസോസിയേഷന്റെ (AMA Inc.) ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലോവർ കൽഗാൻ ഹാളിൽ വച്ച് നടന്ന ആഘോഷങ്ങളിൽ ആൽബനിയിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

നാട്ടിൽ നിന്നുള്ള വിവിധ മന്ത്രിമാരും എം.എൽ.എമാരും എംപിമാരും ഉൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ തുറകളിലുള്ള വിശിഷ്ട വ്യക്തികൾ ആൽബനി മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനും മുൻകൂട്ടി തന്നെ വീഡിയോ സന്ദേശങ്ങളിലൂടെ ഓണാശംസകളും പരിപാടിയുടെ വിജയാശംസകളും അറിയിച്ചിരുന്നു.

ഓണത്തിന്റെ പരമ്പരാഗത തനിമ വിളിച്ചോതുന്ന മാവേലി വേഷവും, വർണ്ണശബളമായ മുത്തുക്കുടകളും, പൂക്കളുടെ തോരണങ്ങളും, താലപ്പൊലിയേന്തിയ കുഞ്ഞുമക്കളും കുടുംബങ്ങളും ചേർന്നാണ് വിശിഷ്ട അതിഥികളെ എതിരേറ്റത്.

ആകർഷകമായ പുലിവേഷങ്ങളുടെയും മാവേലി തമ്പുരാന്റെയും അകമ്പടിയോടെ സിറ്റി ഓഫ് ആൽബനി മേയർ ഗ്രെഗ് സ്റ്റോക്ക്സ് (Greg Stocks), എക്സ് എം.എൽ.എയും ആൽബനി സിറ്റി കൗൺസിൽ മെമ്പറുമായ റെബേക്ക സ്റ്റീഫൻ (Rebecca Stephens) എന്നിവരെ കൽഗാൻ ഹാളിൽ വച്ച് താലപ്പൊലിയുടെ അകമ്പടിയോടെയും പുഷ്പാർച്ചന നടത്തിയുമാണ് സ്വീകരിച്ചത്. തുടർന്ന് വിശിഷ്ട അതിഥികളെ വേദിയിലേക്ക് ആനയിക്കുകയും പൂച്ചെണ്ടുകൾ നൽകി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു.

തുടർന്ന് നടന്ന ആൽബനി മലയാളി അസോസിയേഷന്റെ ഓണാഘോഷം അസോസിയേഷൻ പ്രസിഡന്റ് ജോബിസൺ ജേക്കബിന്റെ അധ്യക്ഷതയിൽ ഓണം പ്രോഗ്രാം കോർഡിനേറ്റർ പ്രീതി ഈശോ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ചടങ്ങിൽ മേയർ ഗ്രെഗ് സ്റ്റോക്ക്സ് ഓണാഘോഷ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. റെബേക്ക സ്റ്റീഫൻ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് റോബിൻ കുരിയാക്കോസ്, ജനറൽ സെക്രട്ടറി റോഷൻ ഫിലിപ്പ്, പോൾസൺ വർഗീസ്, ബിജി സാമുവൽ,സജി എബ്രഹാം, ഗീതു, വസന്തകുമാരി, ശ്രീജിത്ത് ശ്രീധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സമ്മാനദാനവും പ്രചോദനമായ നിമിഷങ്ങളും
ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ഇൻഡോർ, ഔട്ട്ഡോർ തലങ്ങളിൽ കായിക-വിനോദ മത്സരങ്ങൾ നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു. ഈ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വച്ച് മേയർ ഗ്രെഗ് സ്റ്റോക്ക്സും റെബേക്ക സ്റ്റീഫനും ചേർന്ന് വിതരണം ചെയ്തു. പ്രമുഖ അതിഥികളിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയത് കുട്ടികളിൽ വലിയ സന്തോഷവും പുതിയൊരു ഊർജ്ജവും പകർന്നു നൽകി.

കുടുംബ കൂട്ടായ്മയും വടംവലി മത്സരവും
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്ത ഫാമിലി ഗെയിംസുകളും വാശിയേറിയ വടംവലി മത്സരവും നടന്നു. കേരളത്തിലെ ഒരു ഗ്രാമീണോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ച വടംവലി മത്സരം ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി മാറി.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കുമായി വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു.
നാട്ടിലെ അതേ ഉത്സവ അന്തരീക്ഷം ആൽബനിയിലും പുനഃസൃഷ്ടിക്കാൻ എല്ലാവരുടെയും സഹകരണത്തിലൂടെ സാധിച്ചു. പ്രവാസ ജീവിതത്തിനിടയിൽ ആളുകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സന്തോഷം പങ്കുവെക്കാനും ഈ കൂട്ടായ്മ ഉപകരിച്ചു. ആൽബനിയിലെ മറ്റ് സമൂഹങ്ങൾക്ക് തന്നെ വലിയൊരു മാതൃകയും പ്രചോദനവുമായാണ് ആൽബനി മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണത്തെ വരവേറ്റത്.

Related Articles

Back to top button