പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല, ദേശീയതയുടെ സാക്ഷ്യം മാത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്യുന്ന പാസ്പോര്‍ട്ട് എന്നത് കേവലം ഒരു അന്താരാഷ്ട്ര യാത്രാരേഖ മാത്രമാണെന്നും അത് രാജ്യത്തെ പൗരത്വം തെളിയിക്കാനുള്ള അന്തിമമോ നിര്‍ണായകമോ ആയ രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം.
വിദേശത്തായിരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ഇന്ത്യന്‍ ദേശീയത സാക്ഷ്യപ്പെടുത്താന്‍ മാത്രമാണ് പാസ്പോര്‍ട്ട് സഹായിക്കുന്നത്.
1967 ലെ പാസ്പോര്‍ട്ട് നിയമം നിലവില്‍ വന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി രാജ്യം ആചരിക്കുന്ന 14-ാമത് പാസ്പോര്‍ട്ട് സേവാ ദിനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.
പൗരന്മാര്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ട് അനുവദിക്കുന്നതെങ്കിലും അത് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന വിശദീകരണം ഇതിനകം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.
ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ പിന്‍ഭാഗത്ത് ഇത് പൂര്‍ണമായും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ സ്വത്ത് ആണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കേണ്ടതാണെന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യവും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യാജ പാസ്പോര്‍ട്ടുകള്‍ നിര്‍മിക്കുന്നത് തടയുന്നതിനും ആഗോളതലത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സുരക്ഷയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനുമായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന പ്രക്രിയ രാജ്യത്ത് വേഗത്തില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം പാസ്പോര്‍ട്ട് സേവാ പരിപാടി നവീകരിച്ചതിന് ശേഷം ഇതുവരെ 1.47 കോടിയിലധികം ഇ പാസ്പോര്‍ട്ടുകള്‍ രാജ്യം വിതരണം ചെയ്തു. നിലവില്‍ രാജ്യത്തുള്ള ആകെ പാസ്പോര്‍ട്ടുകളുടെ പത്ത് ശതമാനവും ഇത്തരം ചിപ്പ് അധിഷ്ഠിത പാസ്പോര്‍ട്ടുകളാണ്. ഇനി മുതല്‍ പുതുതായി അനുവദിക്കുന്ന എല്ലാ പാസ്പോര്‍ട്ടുകളും ഇ പാസ്പോര്‍ട്ടുകള്‍ ആയിരിക്കും.
നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസില്‍ നിന്നും ലഭ്യമാക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയും ബയോമെട്രിക് വിവരങ്ങളും അടങ്ങിയ ചിപ്പുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് ഡിജിലോക്കര്‍ സംവിധാനവുമായി സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ അപേക്ഷാ നടപടികള്‍ കൂടുതല്‍ എളുപ്പമാകും.
വ്യാജരേഖ ചമയ്ക്കല്‍ പൂര്‍ണമായി തടയാന്‍ സഹായിക്കുന്ന ഈ സംവിധാനം വഴി വിദേശ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലും സുഗമമായും പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വികസിപ്പിച്ച ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ഈ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കിലും പൗരന്മാരുടെ ഡാറ്റ പൂര്‍ണമായും വിദേശകാര്യ മന്ത്രാലയത്തിന്റെ സെര്‍വറുകളില്‍ മാത്രമാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യത്തെ പാസ്പോര്‍ട്ട് വിതരണ ശൃംഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായിരിക്കുന്നത്.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 83 ലക്ഷം പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തിരുന്ന സ്ഥാനത്ത്, അവസാന സാമ്പത്തിക വര്‍ഷത്തില്‍ അത് 1.38 കോടിക്ക് മുകളിലായി ഉയര്‍ന്നു. രാജ്യത്തുടനീളമുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെയും പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെയും എണ്ണം 77 ല്‍ നിന്നും 545 ലേക്ക് വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമായത്. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ എളുപ്പമാക്കുന്നതിനായി പ്രത്യേക പാസ്പോര്‍ട്ട് മൊബൈല്‍ വാനുകളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
നിലവില്‍ അപേക്ഷകള്‍ പരിശോധിച്ച് പാസ്പോര്‍ട്ട് അനുവദിക്കാനുള്ള ശരാശരി സമയം അഞ്ച് മുതല്‍ ആറ് ദിവസമായി കുറയ്ക്കാനും അപേക്ഷകര്‍ക്ക് കേന്ദ്രങ്ങളില്‍ ചെലവഴിക്കേണ്ടി വരുന്ന സമയം 45 മിനിറ്റില്‍ താഴെയാക്കാനും സാധിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് വെരിഫിക്കേഷന്‍ നടപടികള്‍ രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്.
ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ആഗോള മൂല്യം വര്‍ധിച്ചതോടെ കൂടുതല്‍ രാജ്യങ്ങള്‍ വിസയില്ലാതെയും വിസ ഓണ്‍ അറൈവല്‍ വഴിയും ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നുണ്ട്. 2019 ല്‍ 16 രാജ്യങ്ങളിലേക്ക് മാത്രമായിരുന്ന വിസ രഹിത യാത്ര നിലവില്‍ 27 രാജ്യങ്ങളായി ഉയര്‍ന്നു.
വിസ ഓണ്‍ അറൈവല്‍ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം 38 ല്‍ നിന്നും 47 ആയി വര്‍ധിച്ചതിന് പുറമെ 66 രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്കായി ഇ വിസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനായി ജര്‍മ്മനി, ഇറ്റലി, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് ഉള്‍പ്പെടെ 25 രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.
അടുത്തിടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധ മുഖത്ത് ഉള്‍പ്പെടെ വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ കെണിയില്‍ പെട്ട് ഇന്ത്യന്‍ യുവാക്കള്‍ അപകടകരമായ സാഹചര്യങ്ങളില്‍ അകപ്പെട്ട പശ്ചാത്തലത്തില്‍, വിദേശ തൊഴില്‍ അന്വേഷകര്‍ക്കായി മന്ത്രാലയം പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വിദേശത്തേക്ക് തൊഴിലിനായി പോകുന്നവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി മാത്രം രജിസ്റ്റര്‍ ചെയ്ത ഏജന്‍സികളെ സമീപിക്കണമെന്നും വരും ആഴ്ചകളില്‍ വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ഹ്യൂമന്‍ റിസോഴ്‌സ് മൊബിലിറ്റി ഫോറം സംഘടിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



