വിദേശ കുടിയേറ്റം കുറയുന്നു; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്

കാൻബറ: ഓസ്ട്രേലിയയിലെ കുടിയേറ്റ നിരക്ക് കഴിഞ്ഞ വർഷം ഗണ്യമായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ. രാജ്യത്ത് ഉയർന്നു വരുന്ന ഭവന പ്രതിസന്ധിയും ജീവിതച്ചെലവിലെ വർധനയും പശ്ചാത്തലമാക്കി കേന്ദ്ര-ഇടതുപക്ഷ ലേബർ സർക്കാർ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയതിന്റെ ഫലമായാണ് ഈ കുറവെന്ന് വിലയിരുത്തപ്പെടുന്നു.

ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം വിദേശ കുടിയേറ്റത്തിലൂടെ രാജ്യത്തിന്റെ 2.8 കോടി ജനസംഖ്യയിൽ 3,01,000 പേരുടെ വർധനവാണ് ഉണ്ടായത്. ഇത് മുൻവർഷത്തേക്കാൾ ഒമ്പത് ശതമാനം കുറവും കോവിഡ് മഹാമാരിക്ക് ശേഷമുള്ള 2023ലെ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 45 ശതമാനം കുറവുമാണ്.

രാജ്യത്തിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നതിനൊപ്പം കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള യുക്തിസഹവും സന്തുലിതവുമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കുടിയേറ്റ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി.

അന്തർദേശീയ വിദ്യാർഥികളുടെ വരവ് കുറഞ്ഞതായും പകരം ആരോഗ്യ രംഗത്തും വയോജന പരിചരണ മേഖലയിലും ഭവന നിർമാണ രംഗത്തും ആവശ്യമായ പ്രാവീണ്യമുള്ള തൊഴിലാളികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദേഹം പറഞ്ഞു.

അതേസമയം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഉണ്ടായിരുന്ന ഉയർന്ന കുടിയേറ്റ നിരക്കിനെ ചൂണ്ടിക്കാട്ടി ഭവന ക്ഷാമത്തിന് കുടിയേറ്റക്കാരെയാണ് ഉത്തരവാദികളെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ പാർട്ടിയായ വൺ നേഷൻ പ്രചാരണം ശക്തമാക്കിയിരുന്നു.

പോളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടി ഈ വർഷം ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയും രാജ്യത്തെ ജനപ്രീതിയേറിയ രാഷ്ട്രീയ ശക്തികളിലൊന്നായി മാറുകയും ചെയ്തിട്ടുണ്ട്. ബഹുസാംസ്കാരികതയ്‌ക്കെതിരായ നിലപാടുകൾക്ക് പേരുകേട്ട ഹാൻസൻ, ഓസ്ട്രേലിയ ഏകസംസ്കാരത്തെ സ്വീകരിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു.

ഇതിനിടെ നിലവിലെ കുടിയേറ്റ നിരക്ക് ഇപ്പോഴും വളരെ ഉയർന്നതാണ് എന്ന് പ്രതിപക്ഷ ലിബറൽ പാർട്ടിയും വിമർശിച്ചു. ഭവന ലഭ്യത വർധിപ്പിക്കാനും ചിലവ് കുറയ്ക്കാനുമായി നികുതി പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ ലേബർ സർക്കാർ നടപ്പാക്കുന്ന സാഹചര്യത്തിലാണ് കുടിയേറ്റ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

Related Articles

Back to top button