മെൽബണെ ഇളക്കിമറിക്കാൻ ‘മെൽബൺ മീറ്റ്സ് മോദി’; ഒരുക്കങ്ങൾ പൂർത്തിയായി

മെൽബൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തോടനുബന്ധിച്ച് വിക്ടോറിയയിലെ മെൽബണിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി സ്വീകരണത്തിന് വേദിയൊരുങ്ങുന്നു. ‘മെൽബൺ മീറ്റ്സ് മോദി’ (Melbourne Meets Modi) എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ കമ്മ്യൂണിറ്റി റിസപ്ഷൻ മെൽബണിലെ പ്രശസ്തമായ മാർവൽ സ്റ്റേഡിയത്തിൽ (Marvel Stadium) വെച്ചാണ് നടക്കുക.
ജൂലൈ 9 ന് നടക്കാനിരിക്കുന്ന പരിപാടിക്കായി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ-മലയാളി സമൂഹങ്ങൾക്കിടയിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്.
26,000-ത്തിലധികം രജിസ്ട്രേഷനുകൾ; ആവേശം കൊടുമുടിയിൽ
ഇന്ത്യൻ ഓസ്‌ട്രേലിയൻ ഡയസ്‌പോറ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ, താല്പര്യപത്രം സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ വഴി 26,000-ത്തിലധികം ആളുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെൽബൺ ഉൾപ്പെടുന്ന വിക്ടോറിയ സംസ്ഥാനത്ത് ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയൊരു ഇന്ത്യൻ-മലയാളി സമൂഹം താമസിക്കുന്നതിനാൽ ജനപങ്കാളിത്തം റെക്കോർഡുകൾ ഭേദിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ അടക്കമുള്ള പ്രമുഖ ഓസ്‌ട്രേലിയൻ രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കനത്ത സുരക്ഷാ പരിശോധന
ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം മാർവൽ സ്റ്റേഡിയത്തിലും നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും സംയുക്ത പരിശോധനകൾ പൂർത്തിയാക്കി. മെൽബണിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിപുലമായ സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ചർച്ചയാകാൻ ഉഭയകക്ഷി ബന്ധങ്ങൾ
പ്രവാസി സംഗമത്തിന് പുറമെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നരേന്ദ്ര മോദി നടത്തുന്ന ഉഭയകക്ഷി ചർച്ചകളും ഈ സന്ദർശനത്തിന്റെ പ്രധാന ആകർഷണമാണ്. പ്രതിരോധം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, വ്യാപാര കരാറുകൾ (CECA) എന്നിവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്.
2023-ൽ സിഡ്നിയിൽ നടന്ന സ്വീകരണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ചത് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. അതിനേക്കാൾ വലിയ ജനകീയ പങ്കാളിത്തത്തോടെ മെൽബണിലെ പരിപാടി വിജയമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഓസ്‌ട്രേലിയൻ മലയാളികളും ഇന്ത്യൻ കൂട്ടായ്മകളും.



