ഓസ്‌ട്രേലിയ കോൺസൽ ജനറൽ പ്രതിനിധി സംഘം സാദിഖലി തങ്ങളെ സന്ദർശിച്ചു

മലപ്പുറം ∙ പുതുതായി ചാർജെടുത്ത ഓസ്‌ട്രേലിയ കോൺസൽ ജനറൽ സിലൈ സാക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തരയോടെ പാണക്കാട്ടെത്തിയ സംഘത്തെ സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കേരളത്തിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും പാണക്കാട് കുടുംബത്തിനും വലിയ പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കിയതിനെ തുടർന്നാണു തങ്ങളെ കാണാനും സംസാരിക്കാനും ആഗ്രഹം തോന്നിയതെന്നും ഇവിടെ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സിലൈ സാക്കി പറഞ്ഞു.

ലീഗിന്റെ ജനപ്രതിനിധികൾ നാട്ടിൽ കൊണ്ടുവന്ന മാറ്റങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധകൊടുക്കുന്നു. മതനിരപേക്ഷ ജനാധിപത്യ കാഴ്ചപ്പാടിലും പാർട്ടി വലിയ മൂല്യം ഉയർത്തിപ്പിടിക്കുന്നുവെന്നു മനസ്സിലാക്കുന്നു. ഓസ്‌ട്രേലിയയിലടക്കം രാജ്യത്തിനു പുറത്തു പ്രവർത്തിക്കുന്ന കെഎംസിസി സംഘടന പ്രവാസി സമൂഹത്തിനു നല്ലതു ചെയ്യുന്നതായി അറിഞ്ഞു. ലീഗ് വയനാട് ദുരന്തബാധിതകർക്കു നിർമിച്ചു നൽകിയ വീടിനെക്കുറിച്ച് കേട്ടിട്ടുണ്ട്. നാളെ അവിടെ സന്ദർശിക്കണം എന്നാണ് ആഗ്രഹം. കേരളത്തിന്റെ മതസൗഹാർദത്തെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. വിദ്യാഭ്യാസ പുരോഗതിയും അഴിമതിരഹിത രാഷ്ട്രീയവുമെല്ലാം മാതൃകയാണെന്നും അവർ പറഞ്ഞു.

ഒന്നര മണിക്കൂറോളം പാണക്കാട്ടു ചെലവഴിച്ച സംഘം നേതാക്കൾക്കു സമ്മാനങ്ങൾ നൽകിയാണ് മടങ്ങിയത്. സാദിഖലി തങ്ങളുടെ സ്‌നേഹസമ്മാനം കോൺസൽ ജനറൽ ഏറ്റുവാങ്ങി. വൈസ് കോൺസൽ കത്രീന നാപ്പ്, സീനിയർ അഡ്വൈസർ ജാനകി ശ്രീരാം എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ടി.പി.അഷറഫലി, പി.വി.അഹമ്മദ് സാജു, വി.പി.ഷഫീഖ് എന്നിവരും സംഘത്തെ സ്വീകരിക്കാനുണ്ടായിരുന്നു. 2024 ജനുവരിയിലാണ് സിലൈ സാക്കി കോൺസൽ ജനറലായി ചുമതലയേറ്റത്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുമായുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയതന്ത്ര, വ്യാപാര, നിക്ഷേപബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ചുമതല ഇവർക്കാണ്. ചെന്നൈയിലെ എക്‌സ്പ്രസ് അവന്യൂവിലാണ് കോൺസലേറ്റ് ഓഫിസ്.

Related Articles

Back to top button