പ്രവാസി മലയാളി ജോബിൻ ജോസ് നിര്യാതനായി

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബൺബറിയിൽ താമസിക്കുന്ന മലയാളി യുവാവ് ജോബിൻ ജോസ് (42) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് പെർത്തിലെ ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ കരിമണ്ണൂർ സ്വദേശിയാണ് പരേതൻ.
യുകെയിൽ നിന്നും ആറുമാസം മുൻപാണ് പുതിയ പ്രവാസ ജീവിതം സ്വപ്നം കണ്ട് ജോബിനും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. പെർത്തിലെ മലയാളി സമൂഹത്തിൽ സജീവമാകുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കോതമംഗലം വെളിയൽച്ചാൽ സ്വദേശിനിയാണ് ഭാര്യ റിയ ആന്റണി. മക്കൾ: ജോസൺ, ജെയ്ക്ക്, റിയോൺ. യുകെയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തിയ ഈ കുടുംബത്തിന് താങ്ങും തണലുമായി പെർത്തിലെ മലയാളി അസോസിയേഷൻ പ്രതിനിധികളും സുഹൃത്തുക്കളും ആശുപത്രിയിലും വസതിയിലുമായി ഒപ്പമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ജോബിൻ ജോസിന്റെ അകാല വിയോഗത്തിൽ ദുഖത്തിലാഴ്ന്ന കുടുംബത്തെ സഹായിക്കാനായി സുഹൃത്തുക്കൾ ഗോഫണ്ട് മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.



