നഴ്‌സില്‍ നിന്ന് മലയാളി സംവിധായികയിലേക്ക് ഇന്ദു; അന്താരാഷ്ട്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ഡെസ് വെലർ’

സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സാഹചര്യങ്ങൾ തടസമല്ലെന്ന് തെളിയിക്കുകയാണ് എറണാകുളം സ്വദേശിയായ ഇന്ദു എം. സുകുമാരൻ. ഓസ്ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഡെസ് വെലർ’ (Desvelar) എന്ന ഷോർട്ട് ഫിലിം ഇതിനോടകം സ്വന്തമാക്കിയത് 22-ഓളം അന്താരാഷ്ട്ര പുരസ്കാരങ്ങളാണ്. എസ് ജി എൻ്റർടൈൻമെന്റ്സിൻ്റെ ബാനറിലാണ് ഈ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഒരുക്കിയിരിക്കുന്നത്.

ചെറുപ്പം മുതലുള്ള സിനിമാ മോഹമാണ് പ്രവാസിയായ ഇന്ദുവിനെ സംവിധാനത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ സംവിധായകൻ വൈശാഖിൻ്റെ നേതൃത്വത്തിൽ നടന്ന ഫിലിം വർക്ക്‌ഷോപ്പിൽ പങ്കെടുത്തതോടെയാണ് സ്വന്തമായി ഒരു ചിത്രമൊരുക്കാനുള്ള ആഗ്രഹം ഇന്ദുവിൽ ശക്തമായത്.

തുറന്നുകാട്ടുക, ഉറക്കമില്ലാത്ത രാത്രികൾ എന്നീ അർത്ഥങ്ങൾ വരുന്ന സ്പാനിഷ് വാക്കാണ് ഡെസ് വെലർ. കുടുംബ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ജോൺ എന്ന അഭിഭാഷകൻ്റെ ജീവിതവും, അയാൾ ഏറ്റെടുക്കുന്ന ഒരു കൊലപാതക ശ്രമക്കേസും പരസ്പരം എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.

അസിസ്റ്റൻ്റ് ഡയറക്‌ടർ പോലുമില്ലാതെയാണ് ഇന്ദു ഈ ചിത്രം പൂർത്തിയാക്കിയത്. ലൊക്കേഷൻ കണ്ടെത്തുന്നത് മുതൽ പ്രൊഡക്ഷൻ, വസ്ത്രാലങ്കാരം തുടങ്ങിയവയെല്ലാം ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തത്. തുടക്കത്തിൽ സീറോ ബഡ്ജറ്റിൽ ആരംഭിച്ച ചിത്രത്തിന് പിന്നീട് സ്പോൺസർഷിപ്പ് ലഭിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധികളെയും അഭിനേതാക്കളുടെ സമയക്കുറവിനെയും അതിജീവിച്ച് വെറും അഞ്ച് ദിവസം കൊണ്ടാണ് ഗോൾഡ് കോസ്റ്റിൽ ചിത്രീകരണം പൂർത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം നടന്നത് കേരളത്തിലാണ്.

  • അഭിനേതാക്കൾ: ജോമോൻ, സഞ്ജയ് മൂത്തേടൻ, ശ്രീജിത്ത് നായർ, ജയലക്ഷ്‌മി പണിക്കർ, സജി പഴയാറ്റിൽ, ഷീല ഷാജി. (മിക്കവരും പുതുമുഖങ്ങൾ).
  • സംഗീതം: വിവേക് പ്രഭാകർ
  • എഡിറ്റിങ്: കൈലാഷ് എസ് ഭവൻ

പതിനെട്ടോളം അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. സ്വീഡൻ ഫിലിം അവാർഡ്, കൂകൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗ്ലോബൽ സിനിവേഴ്‌സ് ഫിലിം ഫെസ്റ്റിവൽ, പെഷവാർ ഇന്റർനാഷണൽ തുടങ്ങിയ ഫെസ്റ്റിവലുകളിൽ മികച്ച ഡെബ്യൂ സംവിധായികയ്ക്കുള്ള പുരസ്കാരങ്ങളും മികച്ച ചിത്രത്തിനുള്ള അവാർഡുകളും ഡെസ് വെലർ സ്വന്തമാക്കി. കളർടേപ്പ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഓസ്ട്രേലിയൻ ഷോർട് ഫിലിം ആയും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ജർമ്മൻ, ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി ഒടിടി റിലീസ് ചെയ്യാനും നിലവിൽ പദ്ധതിയുണ്ട്. ആദ്യ ചിത്രത്തിൻ്റെ വിജയത്തിളക്കത്തിൽ തൻ്റെ അടുത്ത ഹ്രസ്വചിത്രത്തിൻ്റെ പണിപ്പുരയിലാണ് ഈ മലയാളി സംവിധായിക ഇപ്പോൾ.

Related Articles

Back to top button