മലയാളി യുവാവ് മെൽബണിൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു
മെൽബൺ: മലയാളി യുവാവ് മെൽബണിൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം കരുമം സ്വദേശി വിഷ്ണു പ്രഭാകരൻ (35) ആണ് ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പകൽ ബൈക്ക് റൈഡ് നടത്തി, വൈകുന്നേരം ഡാണ്ടിനോങ് റേഞ്ചസിൽ നിന്നും വീട്ടിലേക്ക് പോകവെ അപകടത്തിൽപെട്ടത്.
വീട്ടിലെത്താൻ വൈകുന്നതിൽ സംശയം തോന്നിയ സഹയാത്രികരായിരുന്ന സുഹൃത്തുക്കൾ പാകെൻഹാം (Pakenham) പോലീസിൽ അറിയിച്ചു.
രാത്രിവരെ നീണ്ട തിരച്ചിലിൽ വിഷ്ണുവിനെ ഞായറാഴ്ച പുലർച്ചെയോടെ സുഹൃത്തുക്കളായ ബൈക്ക് സംഘം കണ്ടെത്തി.
ബീക്കൻസ്ഫീൽഡ് ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത്. വലിയ ഒരു വളവ് തിരിയുന്നതിൽ വന്ന ബുദ്ധിമുട്ടായിരിക്കാം അഗാധ ഗർത്തത്തിലേക്ക് വിഷ്ണു ഓടിച്ച ബൈക്ക് പതിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ ആകാം അപകടം ഉണ്ടായതെന്നാണ് പോലീസ് അനുമാനം.
മലയാളികളുടെ പൊതു ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വിഷ്ണുവിൻ്റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും വലിയ നടുക്കമാണ് ഉളവാക്കിയത്.
തിരുവനന്തപുരം കരുമം അഭിഭാഷക ദമ്പതിമാരായ പ്രഭാകരൻ നായരുടെയും അജിത കുമാരിയുടെയും മകൻ ആണ് വിഷ്ണു പ്രഭാകർ.
പതിനേഴു വർഷമായി മെൽബണിൽ പ്രവാസജീവിതം നയിക്കുന്ന വിഷ്ണു അവിവിഹാതിൻ ആണ്. അപർണ്ണയാണ് വിഷ്ണുവിന്റെ സഹോദരി.
പതിനെട്ടാം വയസിൽ പ്രവാസ ജീവിതം നയിക്കാൻ വിദ്യാർത്ഥിയായി മെൽബണിൽ എത്തിയ വിഷ്ണു, മെൽബണിലെ പ്രശസ്ത പത്ര പ്രവർത്തകനും തിരുവനന്തപുരം പ്രസ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന തിരുവല്ലം ഭാസിയുടെ വസതിയിൽ ആയിരുന്നു വർഷങ്ങളോളം ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത്.
Catch Of The Day (catch.com.au) ൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന വിഷ്ണു ഈ അടുത്തകാലത്താണ് വോളന്ററി റിട്ടയർമെന്റ് എടുത്ത് പുതിയ ജോലിയിൽ പ്രവേശിച്ചത്. ഇന്ത്യൻ മലയാളി പബ്ലിക്കേഷന്സിൻ്റെ ടെക്നിക്കൽ എഡിറ്റർ ആയിരുന്നു വിഷ്ണു.
വിഷ്ണുവിന്റെ വിയോഗം വല്ലാതെ ഉലക്കുന്നുവെന്നും ഉൾകൊള്ളാൻ ആകുന്നില്ലെന്നും തിരുവല്ലം ഭാസി പറഞ്ഞു.
മെൽബണിലെ പൊതുദർശനവും തുടർന്നുള്ള നടപടികളും ബന്ധുക്കളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.