വിദ്യാഭ്യാസ യോഗ്യതയേക്കാൾ താഴ്ന്ന ജോലിയിൽ നിരവധി കുടിയേറ്റക്കാർ

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുള്ള സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിലുള്ളവരിൽ നാലിൽ ഒരാൾ അവർ ചെയ്യുന്ന തൊഴിലിനേക്കാൾ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

പെർമനന്റ് സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിൽപ്പെട്ട ഏകദേശം 23 ശതമാനം പേർ വിദ്യാഭ്യാസ യോഗ്യതയ്ക്ക് താഴെയുള്ള തൊഴിലുകൾ ചെയ്യുന്നതായാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ എക്കൊണോമിക് ഡെവലപ്മെന്റ് കമ്മിറ്റിയാണ് (CEDA) ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.

കൊറോണവൈറസ് മഹാമാരിയുടെ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ കുടിയേറ്റ നിരക്ക് നെഗറ്റീവ് തലത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് കുടിയേറ്റ നിരക്ക് ഇത്രയും കുറയുന്നത്

ഓസ്‌ട്രേലിയയിലെ പ്രവർത്തി പരിചയത്തിന്റെ കുറവും പ്രദേശികമായുള്ള ബന്ധങ്ങളുടെ കുറവുമാണ് ഈ സാഹചര്യത്തിനുള്ള ഏറ്റവും പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യത്തിന്റെ കുറവും കാരണമായി ചൂണ്ടിക്കാട്ടുന്നു.

സിവിൽ എഞ്ചിനീയർ, അക്കൗണ്ടന്റ്, ഷെഫ് എന്നിവരാണ് സ്വന്തം മേഖലയിൽ തൊഴിൽ കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്.

വിവിധ മേഖലകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ടാക്‌സി ഓടിക്കുന്നത് ഈ പ്രതിസന്ധിക്ക് ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കൊറോണവൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കുടിയേറ്റ നയങ്ങളിൽ കാതലായ ഭേദഗതി വേണമെന്ന് CEDA ചീഫ് എക്സിക്യൂട്ടീവ് മെലിൻഡ സിലന്റോ പറഞ്ഞു.

രാജ്യത്തിൻറെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ളൊരു കുടിയേറ്റ നയം ആവശ്യമാണെന്ന് മെലിൻഡ ചൂണ്ടിക്കാട്ടി.

രാജ്യാന്തര അതിർത്തികൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ മേഖലകൾ തൊഴിലാളികളുടെ ക്ഷാമം നേരിടുകയാണ് എന്ന് മെലിൻഡ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ വിവിധ രംഗങ്ങളിൽ കഴിവും വിദ്യഭ്യാസ യോഗ്യതയും ഉള്ളവർക്ക് ലഭിക്കേണ്ട വരുമാനം കിട്ടാതെ പോകുന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2013-2018 കാലയളവിലെ കണക്കുകൾ പ്രകാരം, യോഗ്യതയേക്കാൾ താഴ്ന്ന ജോലി ചെയ്യുന്ന കുടിയേറ്റ വിഭാഗത്തിൽപ്പെട്ടവർക്ക് ആകെ നഷ്ടമായത് 1.25 ബില്യൺ ഡോളറാണ്.

സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിൽ ഓസ്‌ട്രേലിയയിൽ എത്തുന്നവർ അവരുടെ തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കാത്തത് ഓസ്‌ട്രേലിയൻ സാമ്പത്തിക രംഗത്തിന് വലിയ നഷ്ടമുണ്ടാക്കുന്നതായും പഠനത്തിൽ വെളിപ്പെടുത്തുന്നു.

ഓസ്‌ട്രേലിയയിൽ നിലവിലുള്ള കുടിയേറ്റ നയം പരാജയമാണെന്നല്ല മറിച്ച് മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആവശ്യമായ രീതിയിൽ ഭേദഗതി വേണമെന്നാണ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്.

കുടിയേറ്റ നയങ്ങളിൽ മാറ്റം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു.

തൊഴിലാളികളുടെ കുറവ് നേരിടുന്ന രംഗങ്ങൾക്കും ഉൾനാടൻ മേഖലകൾക്കും പ്രാധാന്യം നൽകുന്ന കാര്യം പരിഗണിക്കുന്നതായി പ്രധാന മന്ത്രി പറഞ്ഞു.

മാറ്റങ്ങളുടെ ഭാഗമായി ഗ്ലോബൽ ടാലെന്റ്റ് വിസയിൽ നടപ്പാക്കിയ മാറ്റം പര്യാപ്‌തമല്ലെന്ന് CEDA കുറ്റപ്പെടുത്തി.

സ്‌കിൽഡ് മൈഗ്രന്റ്സിനെ തൊഴിൽ ഉടമകളുമായി നേരിട്ട് ബന്ധപ്പെടുത്തുന്നതിന് സർക്കാർ മേൽനോട്ടത്തിൽ ഒരു ഓൺലൈൻ പദ്ധതി വേണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. ഇതുവഴി യോഗ്യതയുള്ളവർക്ക് അർഹമായ തൊഴിൽ കണ്ടെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഇതിന് പുറമെ സ്‌കിൽഡ് മൈഗ്രന്റ്സിന് തൊഴിലില്ലായ്മാ വേതനത്തിനുള്ള അർഹത നേരേത്തയാക്കണെമന്നും നിർദ്ദേശമുണ്ട്. ഇപ്പോൾ ആറു വർഷത്തിന് ശേഷമാണ് അർഹത. ഇത് നാല് മാസമാക്കി കുറക്കാനാണ് ആവശ്യം.

കടപ്പാട്: SBS മലയാളം

Related Articles

Back to top button