ക്വീൻസ്ലാന്റും രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കും
വിദേശത്തുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് ജനുവരി മുതൽ ക്വീൻസ്‌ലാന്റിലേക്ക് തിരിച്ചെത്താമെന്ന് സർക്കാർ അറിയിച്ചു.
ഓസ്‌ട്രേലിയ രാജ്യാന്തര അതിർത്തി അടച്ച് ഒന്നേമുക്കാൽ വർഷം പിന്നിടുകയാണ്. ഡിസംബറിൽ അതിർത്തി തുറക്കാനുള്ള പദ്ധതിയിലാണ് ഓസ്ട്രേലിയ.
കഴിഞ്ഞ മാർച്ചിൽ അതിർത്തി അടച്ചതോടെ നിരവധി രാജ്യാന്തര വിദ്യാർത്ഥികളാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
ക്വീൻസ്ലാന്റിലെ സർവകലാശാലകളിൽ മാത്രം എൻറോൾ ചെയ്ത 20,000 ലേറെ വിദ്യാർത്ഥികളുണ്ട്. 160 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ഈ വിദ്യാർത്ഥികൾ ഓൺലൈൻ ആയാണ് പഠനം നടത്തുന്നത്.
ഇവർക്ക് പ്രതീക്ഷ നൽകിക്കൊണ്ടാണ് രാജ്യാന്തര വിദ്യാർത്ഥികൾക്ക് ക്വീൻസ്ലാൻറ് പ്രവേശനം അനുവദിക്കുന്നത്. 2022 ജനുവരി മുതലാണ് രാജ്യാന്തര വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തേക്ക് തിരിച്ചെത്താവുന്നത്. മെഡിക്കൽ ഗവേഷണ രംഗത്തോ, അലൈഡ് ഹെൽത്ത് രംഗത്തോ ഉള്ളവർക്കാണ് മുൻഗണന.
വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ ഫെഡറൽ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണെന്ന് ടൂറിസം മന്ത്രി സ്റ്റിർലിംഗ് ഹിൻച്ലിഫ് പറഞ്ഞു.
നിലവിലെ പദ്ധതി അനുസരിച്ച് രണ്ടാഴ്ചയിൽ 250 വിദ്യാർത്ഥികൾക്കാണ് ക്വീൻസ്ലാന്റിലേക്ക് എത്താവുന്നത്. ഈ പരിധിയിൽ ക്രമേണ വർദ്ധനവുണ്ടാകും.
തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം എന്നത് നിർബന്ധമാണ്.
ബ്രിസ്‌ബൈൻ വിമാനത്താവളത്തിൽ എത്തുന്ന ഇവരെ, ബസിൽ ടുവുമ്പയിലുള്ള വെൽക്യാമ്പ് ക്വാറന്റൈൻ ഹബിലേക്ക് കൊണ്ടുപോകും. ഇവിടെ ഇവർ ക്വാറന്റൈൻ ചെയ്യണം.
ക്വീൻസ്ലാന്റിന്റെ വാക്‌സിനേഷൻ നിരക്കിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതുവരെ വിദ്യാർത്ഥികൾ ക്വാറന്റൈൻ ചെയ്യേണ്ടത് ആവശ്യമാണെന്ന് മന്ത്രി സ്റ്റിർലിംഗ് ഹിൻച്ലിഫ് ചൂണ്ടിക്കാട്ടി.
ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും നവംബർ മുതൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ രണ്ട് സംസ്ഥാനങ്ങളിലും വിദേശത്ത് നിന്നുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ല.
ദീർഘനാൾ നീണ്ട വിമര്ശനങ്ങൾക്കൊടുവിലാണ് ക്വീൻസ്ലാൻറ് സംസ്ഥാന അതിർത്തി തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തുവിട്ടത്.
ഡിസംബർ 17 ഓടെ സംസ്ഥാനത്തെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതോടെ സംസ്ഥാനത്തേക്ക് എത്തുന്ന ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നും പ്രീമിയർ അനസ്തഷ്യ പലാഷെ അറിയിച്ചിട്ടുണ്ട്.
കടപ്പാട്: SBS മലയാളം