രാജ്യാന്തര വിദ്യാർത്ഥികളെ ഈ വർഷം തന്നെ തിരികെയെത്തിക്കാൻ പദ്ധതി തയ്യാറാക്കുന്നു

കൊവിഡ് യാത്രാ വിലക്ക് മൂലം ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയാത്ത രാജ്യാന്തര വിദ്യാർത്ഥികളെ 2021 അവസാനത്തോടെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും. ഇതിനായുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇരു സംസ്ഥാനങ്ങളും.

ഓസ്‌ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾ കൂടുതലായി എത്തുന്ന ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയുമാണ് രാജ്യാന്തര വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത്. 2021 അവസാനത്തോടെ വിദ്യാർത്ഥികളെ കൊണ്ടുവരാനാണ് ഇരു സംസ്ഥാനങ്ങളുടെയും പദ്ധതി.

ഇതിനായി രാജ്യാന്തര വിദ്യാർത്ഥികൾക്കായി പ്രത്യേക ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കാനാണ് NSW സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ തിരിച്ചെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്റൈൻ സൗകര്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്.

വിദ്യാർത്ഥികൾക്ക് വേണ്ടി താമസസ്ഥലം തയ്യാറാക്കുന്ന (Purpose built student accommodation-PBSA) സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ക്വാറന്റൈൻ കേന്ദ്രങ്ങളുടെ ഒരു പാനൽ തയ്യാറാക്കുന്നുണ്ട്.

താൽപര്യമുള്ള PBSA ദാതാക്കളോട് ഇതിനായി മുന്നോട്ടുവരാൻ NSW ട്രഷറി ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ താമസ സൗകര്യങ്ങൾ NSW പോലീസ്, NSW ഹെൽത്ത്, ഫയർ ആൻഡ് റെസ്ക്യൂ NSW തുടങ്ങിയവർ പരിശോധിച്ച് ഉറപ്പ് വരുത്തും.

പദ്ധതി നടപ്പിലാക്കാൻ യൂണിവേഴ്സിറ്റികളുമായും, ആരോഗ്യവകുപ്പ് അധികൃതരുമായും, പോലീസ് ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ എന്ന് NSW ട്രെഷറർ ഡൊമിനിക് പെറോട്ടേട്ടിന്റെ വക്താവ് പറഞ്ഞു.

ഏപ്രിൽ ആറിലെ കണക്ക് പ്രകാരം ന്യൂ സൗത്ത് വെയിൽസിൽ പഠനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന 55,137 വിദ്യാർത്ഥികളാണ് വിദേശത്തുള്ളത്. പ്രതിസന്ധിയിലായ വിദ്യാഭ്യാസ മേഖലയെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.

രാജ്യാന്തര വിദ്യാർത്ഥികളെ കൊണ്ടുവരാൻ വിക്ടോറിയയും

വിക്ടോറിയയിലെ ക്വാറന്റൈൻ ഹോട്ടൽ പദ്ധതി ഏപ്രിൽ എട്ടിന് പുനരാരംഭിച്ചതോടെ രാജ്യാന്തര വിദ്യാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായി 120 അധിക സ്ഥലം മാറ്റിവയ്ക്കണമെന്ന് സംസ്‌ഥാന സർക്കാർ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടിരുന്നു.

എന്നാൽ ഫെഡറൽ സർക്കാർ ഈ ആവശ്യം തള്ളി. ഇത് നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ വിക്ടോറിയൻ സർക്കാർ വക്താവ്, പദ്ധതി നടപ്പാക്കാൻ ഫെഡറൽ സർക്കാരുമായി ചർച്ചകൾ നടത്തുമെന്ന് അറിയിച്ചു.

സുരക്ഷിതമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്റ്റിന്റെ കണക്ക് പ്രകാരം ഫെബ്രുവരിയിൽ 200 രാജ്യാന്തര വിദ്യാർത്ഥികളാണ് ഓസ്‌ട്രേലിയയിലെത്തിയത്. ഇതിൽ 40 പേരാണ് വിക്ടോറിയയിലേക്ക് എത്തിയത്. 2020 ഫെബ്രുവരിയിൽ 41,860 വിദ്യാർഥികൾ എത്തിയിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button