38കാരിയായ രാജ്യാന്തര വിദ്യാർത്ഥി മരിച്ചത് കൊവിഡ് കണ്ടെത്തി പത്താം ദിവസം

ചെറുപ്പക്കാർക്ക് കൊറോണ വൈറസ്ബാധ ഗുരുതരമാകാം എന്നതിന്റെ തെളിവാണ് 38കാരിയായ രാജ്യാന്തര വിദ്യാർത്ഥിയുടെ മരണമെന്ന് NSW സർക്കാർ മുന്നറിയിപ്പ് നൽകി. ബ്രസീലിയൻ സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചത് കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ്.

ബ്രസീലിൽ നിന്ന് അക്കൗണ്ടിംഗ് പഠനത്തിനായി എത്തിയ അഡ്രിയാന മിഡോറി തക്കാര എന്ന 38കാരിയാണ് ഞായറാഴ്ച ഡെൽറ്റ വേരിയന്റ് കൊറോണവൈറസിന് കീഴടങ്ങിയത്.

സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ഇത്.

അഡ്രിയാനയും 70 വയസിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീയും ഞായറാഴ്ച മരിച്ചതോടെ, ഡെൽറ്റ വൈറസ് മൂലമുള്ള മരണം എട്ടായി ഉയർന്നിട്ടുണ്ട്.

സിഡ്നി നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിച്ചിരുന്ന അഡ്രിയാനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഡെൽറ്റ വൈറസ് സ്ഥിരീകരിച്ച ശേഷം അതിവേഗമാണ് അഡ്രിയാനയുടെ ആരോഗ്യസ്ഥിതി വഷളായത്.

രോഗം സ്ഥിരീകരിച്ച് പത്താം ദിവസം റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അഡ്രിയാനയുടെ ബോയ്ഫ്രണ്ടും ഫ്ലാറ്റിൽ ഒരുമിച്ച് ജീവിക്കുന്ന മറ്റൊരു വിദ്യാർത്ഥിയും കൊവിഡ് പോസിറ്റിവാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു.

എന്നാൽ അപ്പോൾ അഡ്രിയാനയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അഡ്രിയാനയ്ക്കും രോഗബാധ സ്ഥിരീകരിച്ചത്.

എന്നാൽ അതിന് ശേഷം അവിശ്വസനീയമായ വേഗത്തിലാണ് അഡ്രിയാനയുടെ സ്ഥിതി മോശമായതെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി.

അഡ്രിയാനയുടെ മരണം ചെറുപ്പക്കാർക്കുള്ള മുന്നറിയിപ്പാണെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ NSW ഘടകം പ്രസിഡന്റ് ഡാനിയൽ മക്കല്ലൻ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഇതുവരെയുള്ള 900ലേറെ കൊവിഡ് മരണങ്ങളിൽ ആറെണ്ണം മാത്രമാണ് 49വയസിൽ താഴെയുള്ളത്.

എന്നാൽ പുതിയ ഡെൽറ്റ വൈറസ്ബാധ ചെറുപ്പക്കാരെ കൂടുതൽ രൂക്ഷമായി ബാധിക്കുന്നു എന്നാണ് വ്യക്തമാകുന്നതെന്ന് ഡോ. മക്കല്ലൻ പറഞ്ഞു.

കൊറോണവൈറസ് പ്രായമേറിയവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർ പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയനും മുന്നറിയിപ്പ് നൽകി.

മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരും ഈ “ക്രൂരമായ രോഗത്തിന്റെ” ഇരകളാകാമെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 145 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button