ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം; ഇരുമ്പുദണ്ഡ് കൊണ്ട് ക്രൂരമര്‍ദനം

സിഡ്‌നി: ഖാലിസ്ഥാന്‍ വാദത്തെ എതിര്‍ത്തതിന് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ ആക്രമണം. 23 കാരനാണ് ക്രൂര പീഡനത്തിന് ഇരയായത്.

വിദ്യാര്‍ത്ഥിയെ അഞ്ചംഗ ഖലിസ്ഥാന്‍ അനുകൂലികള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്. സുരക്ഷ കാരണങ്ങളാല്‍ വിദ്യാര്‍ത്ഥിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിഡ്‌നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മെറിലാന്‍ഡ്‌സിലാണ് ആക്രമണം ഉണ്ടായത്. ജോലിക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിച്ചുകൊണ്ട് സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ‘ദി ഓസ്‌ട്രേലിയ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡ്രൈവറായി പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥി ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണമത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. ‘പുലര്‍ച്ചെ 5.30 ന് ജോലിക്ക് പോകുമ്പോഴാണ് നാലഞ്ച് ഖാലിസ്ഥാന്‍ അനുകൂലികള്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചത്. വാഹനത്തില്‍ കയറുന്നതിനിടെയാണ് ആക്രമികള്‍ പ്രത്യക്ഷപ്പെട്ടത്. ഇടതുവശത്തെ വാതില്‍ തുറന്ന് വാഹനത്തിന് അകത്തേക്ക് കയറിയ സംഘം ഇടതു കണ്ണിന് താഴെ കവിളെല്ലില്‍ ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു.’

‘വാഹനത്തില്‍ നിന്ന് ബലമായി വലിച്ചിറക്കിയ സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വീണ്ടും മര്‍ദിച്ചു. അക്രമികളില്‍ രണ്ടുപേര്‍ ഇതിന്റെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദിക്കുന്നതിനിടയില്‍, അക്രമികള്‍ തുടര്‍ച്ചയായി ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ എല്ലാം സംഭവിച്ചു കഴിഞ്ഞു. ഖലിസ്ഥാന്‍ ആശയത്തെ എതിര്‍ത്തതിന് ഇതൊരു പാഠമാകണം എന്ന് പറഞ്ഞ് അക്രമികള്‍ പോയി’ വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥിക്ക് തലയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് പോലീസ് എത്തിയാണ് പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെസ്റ്റ്മീഡ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

‘ഇവിടെ തീവ്രവാദത്തിനോ ആക്രമണത്തിനോ സ്ഥാനമില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കും’ മെറിലാന്‍ഡ്സ് പാര്‍ലമെന്റ് അംഗം പ്രതികരിച്ചു.

Related Articles

Back to top button