ഓസ്‌ട്രേലിയയില്‍ വീടുകളുടെ വില കുതിക്കുന്നു

വായ്പാ പലിശനിരക്കും, ജീവിതച്ചെലവും ഉയര്‍ന്നുനില്‍ക്കുന്നതിനിടയിലും ഓസ്‌ട്രേലിയയിലെ വീടുവില പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. മാര്‍ച്ച് 31ന് അവസാനിച്ച ഒരു വര്‍ഷത്തില്‍ ദേശീയതലത്തില്‍ ശരാശരി 8.8 ശതമാനമാണ് വീടുവില കൂടിയിരിക്കുന്നത്.

തുടര്‍ച്ചയായ അഞ്ചാം മാസവും രാജ്യത്ത് ഭവനവില പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു എന്നാണ് കോര്‍ ലോജിക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡാര്‍വിന്‍ ഒഴികെയുള്ള മറ്റെല്ലാ തലസ്ഥാന നഗരങ്ങളിലും 2024ന്റെ ആദ്യ പാദത്തില്‍ വില കൂടി.

കഴിഞ്ഞ മൂന്ന് മാസത്തില്‍ ഓസ്‌ട്രേലിയയിലെ വീടുകളുടെ മൂല്യം ശരാശരി 12,000 ഡോളര്‍ വീതം വര്‍ദ്ധിച്ചിട്ടുണ്ട്.

2023ന്റെ അവസാന പാദത്തില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ വില കൂടുന്നത് എന്നും കോര്‍ ലോജിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍, 2023ന്റെ ആദ്യ പകുതിയിലേതിനെക്കാള്‍ നിരക്ക് കുറവാണ്.

പലിശ നിരക്ക് ഉയര്‍ന്നു നില്ക്കുന്നതും, ജീവിതച്ചെലവ് കൂടിയതുമെല്ലാം 2023ന്റെ ആദ്യപകുതിയെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും, വിപണിയില്‍ വീടുകളുടെ ലഭ്യത ഇല്ലാത്തത് വില കൂടാന്‍ കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഈ വര്‍ഷം പലിശ നിരക്കില്‍ കുറവുണ്ടാകും എന്ന പ്രതീക്ഷയും വീടുകളുടെ വില ഉയരാന്‍ കാരണമാകുന്നുണ്ട്.

തലസ്ഥാന നഗരങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം വില കൂടിയത് ഇങ്ങനെയാണ്.

നഗരംമാറ്റം (%)വില ($)
സിഡ്‌നി9.61,139,375
മെൽബൺ3.2778,892
ബ്രിസ്‌ബേൻ15.9817,564
അഡ്‌ലൈഡ്13.3734,173
പെർത്ത്19.8703,502
ഹോബാർട്ട്0.3649,097
ഡാർവിൻ0.5498,433
കാൻബറ1.9838,976

നിക്ഷേപം എന്ന രീതിയില്‍ വീട് വാങ്ങുന്നവരുടെ എണ്ണം കൂടുന്നു എന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇന്‍വെസ്റ്റ്‌മെന്റ് ലോണില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

ഇപ്പോള്‍ ഭവനവായ്പയെടുക്കുന്നതില്‍ 40 ശതമാനം പേരും ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടി ലോണുകളാണ് എടുക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വീടുകളുടെ വില കൂടുന്നതും, വാടക കൂടുന്നതും ഇതിന് കാരണമായി എന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Back to top button