സെൻസസിന്റെയും വാക്‌സിൻ പാസ്പോർട്ടിന്റെയും പേരിൽ തട്ടിപ്പ്

ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം എത്തുന്നതായി സ്‌കാം വാച്ച് മുന്നറിയിപ്പ് നൽകി. കൂടാതെ വാക്‌സിൻ പാസ്പോർട്ട് ലഭ്യമാണെന്ന വ്യാജേനയുള്ള തട്ടിപ്പുകളും സജീവമാണെന്ന് സ്‌കാം വാച്ച് മുന്നറിയിപ്പ് നൽകുന്നു.

സെൻസസ് പൂർത്തിയാക്കാൻ കൂടുതൽ സമയം ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) അനുവദിച്ചിട്ടുണ്ട്. സെൻസസ് ഫോം പൂരിപ്പിക്കാത്തവർ എത്രയും വേഗം അത് പൂർത്തിയാക്കണമെന്ന് ABS കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈ അവസരം മുതലെടുത്തുകൊണ്ടാണ് തട്ടിപ്പുകൾ വ്യാപകമാകുന്നത്.

സെൻസസ് ഡാറ്റ ഫോം ആണെന്ന് തോന്നിക്കുന്ന വിധമുള്ള ഒരു ഫോമാണ് ഇമെയിലിലൂടെ പലർക്കും ലഭിച്ചതെന്ന് ABS അറിയിച്ചു.

ABSന്റെ പേരിലാണ് ഈ സന്ദേശം ഇമെയിൽ ആയി എത്തുന്നത്. ഈ ഫോം പൂരിപ്പിച്ചയയ്ക്കുന്നത് വഴി സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാനാണ് തട്ടിപ്പുകാരുടെ ശ്രമം.

http://gov.au എന്ന ലിങ്കിൽ നിന്ന് മാത്രമേ ABS ഇമെയിൽ സന്ദേശങ്ങൾ അയയ്ക്കുകയുള്ളുവെന്നും, സ്വകാര്യ വിവരങ്ങൾ ഇമെയിലിലൂടെ ആവശ്യപ്പെടില്ലെന്നും ABS വ്യക്തമാക്കി.

കൊവിഡ് പാസ്‌പോർട്ടിന്റെ പേരിലും തട്ടിപ്പ്

ഓസ്‌ട്രേലിയയിലെ ഓരോ സാഹചര്യങ്ങളും മുതലെടുത്തുകൊണ്ട് തട്ടിപ്പുകാർ രംഗത്തെത്താറുണ്ട്.

കൊവിഡ് സാഹചര്യം നിലനിൽക്കെ നിരവധി തട്ടിപ്പുകളാണ് വ്യാപകമാകുന്നത്. കൊവിഡ് പരിശോധനകളുമായും വാക്‌സിനേഷനുമായും ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ സജീവമായിരുന്നു.  

നിലവിൽ കൊവിഡ് പാസ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതോടെയാണ് ഇത് സംബന്ധിച്ച സ്കാമും വ്യാപകമാവുന്നത്.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്നാണ് വിവിധ സർക്കാരുകൾ അറിയിച്ചിരിക്കുന്നത്.

ഈ ഇളവുകൾ പ്രതീക്ഷിച്ചിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ്.

ഡിജിറ്റൽ പാസ്പോർട്ട് ലഭ്യമാണെന്ന SMS സന്ദേശവും ഒപ്പം ഒരു വ്യാജ ലിങ്കുമാണ് തട്ടിപ്പുകാർ അയക്കുന്നത്.

”നിങ്ങളുടെ ഡിജിറ്റൽ കൊവിഡ്-19 പാസ്സ്‌പോർട്ട് ലഭ്യമാണ്” എന്ന സന്ദേശമാണ് ചിലർക്ക് ലഭിച്ചതെന്ന് സ്‌കാം വാച്ച് മുന്നറിയിപ്പ് നൽകി.

“BeCovidSafe” എന്ന പേരിലാണ് ഈ സന്ദേശമെത്തുന്നത്. ഈ SMS സന്ദേശം ലഭിക്കുന്നവർ ഉടൻ തന്നെ  ഇവ ഡിലീറ്റ് ചെയ്യണമെന്ന് സ്‌കാം വാച്ച് അറിയിച്ചു.

സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള ശ്രമമാണ് ഈ സ്കാമിലൂടെയും തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

ലോക്ക്ഡൗണിലായതോടെ പലരും ഓൺലൈൻ ആയാണ് സാധനങ്ങൾ വാങ്ങുന്നത്. ഈ സാഹചര്യവും മുതലെടുക്കുകയാണ് തട്ടിപ്പുകാർ.

”നിങ്ങളുടെ സാധനം ഡിസ്ട്രിബൂഷൻ സെന്ററിൽ എത്തി” എന്ന SMS സന്ദേശത്തിലൂടെയാണ് ഈ തട്ടിപ്പ്. പാർസൽ നമ്പറും ഒരു ലിങ്കും ഈ സന്ദേശനത്തിലുണ്ടാകും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മാൽവെയർ ഫോണിൽ ഡൗൺലോഡ് ആകുമെന്നും, ഇത് സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുമെന്നും ക്രൈം സ്റ്റോപ്പേഴ്‌സ് മുന്നറിയിപ്പ് നൽകുന്നു.

ഇതിന് പുറമെ SMS ലൂടെയുള്ള ഫ്ലുബോട്ട് സ്കാമും ഇപ്പോൾ വ്യാപകമാണ്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button