ഇ-കോളി ബാക്ടീരിയ സാന്നിധ്യം; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള ചീസും പിന്‍വലിച്ച് കോള്‍സ്

മെല്‍ബണ്‍: ഇ-കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രിയ ചീസ് ബ്രാന്‍ഡ് ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കോള്‍സ്.

വിക്ടോറിയയിലും ടാസ്മാനിയയിലും വില്‍പയ്ക്കുണ്ടായിരുന്ന കോള്‍സ് ഫൈനസ്റ്റ് ഓസ്ട്രേലിയന്‍ ഓര്‍ഗാനിക് വാഷ്ഡ് റിന്‍ഡ് റോ എന്ന ബ്രാന്‍ഡിലാണ് മലിനീകരണം കണ്ടെത്തിയത്. തുടര്‍ന്ന് രാജ്യവ്യാപകമായി കോള്‍സ് തങ്ങളുടെ ഉല്‍പന്നം തിരിച്ചുവിളിച്ചു.

മനുഷ്യവിസര്‍ജ്യത്തില്‍ നിന്നുണ്ടാകുന്നതാണ് ഇ കോളി ബാക്ടീരിയ. മനുഷ്യരില്‍ പലവിധ അസുഖങ്ങള്‍ക്ക് കാരണമാകുന്നതാണ് ഈ ബാക്ടീരിയയുടെ സാന്നിധ്യം.

ഡിസംബര്‍ 14 മുതല്‍ വിക്ടോറിയയിലും ടാസ്മാനിയയിലുടനീളവും സ്റ്റോറുകളിലും ഓണ്‍ലൈനിലും പ്രശ്‌നകാരണമായ ചീസിന്റെ 500 ഗ്രാം ഉല്‍പ്പന്നം വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നു.

‘ഉപഭോക്താക്കള്‍ ഈ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്നും ഇതിനകം ചീസ് കഴിച്ച് അസ്വസ്ഥത തോന്നിയവര്‍ വൈദ്യസഹായം തേടണമെന്നും കോള്‍സ് തിങ്കളാഴ്ച പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായ റീഫണ്ടിനായി ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്ത് തിരികെ നല്‍കാനും കൂടുതല്‍ വിവരങ്ങള്‍ക്ക് കോള്‍സിനെ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, കോള്‍സിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പിന്‍വലിക്കല്‍ ബാധകമാകില്ല.

ഇ കോളി ബാക്ടീരിയകള്‍ സാധാരണയായി ആരോഗ്യമുള്ള ആളുകളുടെയും മൃഗങ്ങളുടെയും കുടലില്‍ വസിക്കുന്നു. ഇവയില്‍ പലതും നിരുപദ്രവകരമാണ്. എങ്കിലും ചില സാഹചര്യങ്ങളില്‍ ആളുകളെ രോഗികളാക്കാന്‍ ഇതു കാരണമാകാറുണ്ട്.

കഠിനമായ വയറുവേദന, രക്തത്തോടെയുള്ള വയറിളക്കം, ഛര്‍ദ്ദി, ന്യുമോണിയ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് ഇ കോളി ബാക്ടീരിയ കാരണമാകുന്നു.

Related Articles

Back to top button