ഓസ്‌ട്രേലിയയിൽ 93% രാജ്യാന്തര വിദ്യാർത്ഥികൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി സർവേ

ഓസ്‌ട്രേലിയൻ ക്യാമ്പസുകളിൽ പഠിക്കാൻ കഴിയാത്തതിനെത്തുടർന്ന്, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 93% രാജ്യാന്തര വിദ്യാർത്ഥികളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി സർവേ റിപ്പോർട്ടുകൾ.

ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ച് ഒന്നര വർഷം പിന്നിടുമ്പോൾ, നിരവധി രാജ്യാന്തര വിദ്യാർത്ഥികളാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്.

ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കാമെന്ന ചിന്തയിൽ വിവിധ കോഴ്സുകൾക്ക് ചേർന്ന നിരവധി രാജ്യാന്തര വിദ്യാർത്ഥികളുടെ സ്വപ്‌നവുമാണ് ഇതോടെ തകർന്നത്.

ഇതേതുടർന്ന് രാജ്യത്തേക്ക് എത്താൻ കഴിയാത്ത രാജ്യാന്തര വിദ്യാർത്ഥികളിൽ 93 ശതമാനം പേരും, മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് കൗൺസിൽ ഓഫ് ഇന്റർനാഷണൽ സ്റ്റുഡന്റസ് ഓസ്ട്രേലിയ (CISA) നടത്തിയ പുതിയ സർവേ വെളിപ്പെടുത്തുന്നത്.

600 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മാർച്ച് മാസം നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

മാത്രമല്ല, ഓസ്‌ട്രേലിയയിൽ പഠനം നടത്താൻ പദ്ധതിയിട്ടിരുന്ന മൂന്നിൽ ഒരാൾ പഠനത്തിനായി മറ്റ് രാജ്യങ്ങൾ തെരഞ്ഞെടുത്തതായും സർവേ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ 12 മാസത്തിൽ തുടർച്ചയായി നിരവധി രാജ്യാന്തര വിദ്യാർത്ഥികളാണ് ആശങ്കയറിയിച്ച് ബന്ധപ്പെട്ടതെന്ന് CISA ദേശീയ പ്രസിഡന്റ് ബെൽ ലിം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ ഇരുന്ന് വ്യത്യസ്ത സമയങ്ങളിൽ ഓൺലൈൻ ആയാണ് രാജ്യാന്തര വിദ്യാർത്ഥികൾ പഠനം നടത്തുന്നത്.

സാങ്കേതിക തകരാറുകൾ പഠനത്തെ ബാധിച്ചുവെന്നും, ക്യാമ്പസിലേക്ക് എന്ന് തിരികെ എത്താൻ കഴിയുമെന്നതിന്റെ അനിശ്ചിതാവസ്ഥയിലാണ് ഇവരെന്നും ലിം പറഞ്ഞു.

ട്യൂഷൻ ഫീസ് ഇനത്തിൽ ധാരാളം പണം ചിലവാക്കിയാണ് ഇവർ പഠനത്തിനായി ചേർന്നത്. ഇതിലൂടെ മാതാപിതാക്കളുടെ പണം ചിലവഴിച്ചതിന്റെ കുറ്റബോധവും ഇവരിൽ പലരെയും വേട്ടയാടുന്നുണ്ടെന്നും ലിം പറഞ്ഞു.

രാജ്യാന്തര വിദ്യാർത്ഥികളെ ഈ വർഷം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുമെന്നാണ് ഫെഡറൽ ബജറ്റിൽ സർക്കാർ സൂചിപ്പിച്ചത്. എന്നാൽ ഇത് എന്നാണെന്ന കാര്യത്തിൽ വ്യക്തതയൊന്നും വന്നിട്ടില്ലെന്നതും, ഇത് ഇവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതായും ലിം ചൂണ്ടിക്കാട്ടി.

ഏഴ് ശതമാനം പേർ മാത്രമാണ് ഓൺലൈൻ ആയി പഠിക്കാൻ താത്പര്യം പ്രകടിപ്പിച്ചതെന്നും, 43 ശതമാനം പേരും മുഖാമുഖമുള്ള പഠനം സാധ്യമാകുന്നതുവരെ കാത്തിരിക്കുമെന്നുമാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും CISA കഴിഞ്ഞ മാസം നടത്തിയ മറ്റൊരു സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button